കോട്ടയം നഗരത്തിൽ 19വരെ മധുര മാമ്പഴക്കാലം

നാടൻ - വിദേശ ശ്രേണിയിലുളള മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് കോട്ടയത്തിന്റെ കാഴ്ചയും രുചിയുമാകുന്നത്
കോട്ടയം നഗരത്തിൽ 19വരെ മധുര മാമ്പഴക്കാലം| mango fest at kottayam
മാമ്പഴഫെസ്റ്റിൽ നിന്ന്
Updated on

കോട്ടയം: വേനലവധി ആസ്വദിക്കാൻ അൽഫോൻസോയും, ബംഗനപ്പള്ളിയും, നീലവും, മല്ലികയും, മൽഗോവയും തുടങ്ങി നാവിൽ കൊതിയൂറുന്ന അപൂർവ മാമ്പഴക്കാലത്തിന് കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമായി. മാമ്പഴഫെസ്റ്റ് നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ മുഖ്യാതിഥിയായി. കേരള മാംഗോ ഗ്രോവേഴ്‌സ് കൺസോർഷ്യം, എസ്.ആർ കണക്ടേഴ്‌സ് തിരുവനന്തപുരം എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 19 വരെയാണ് ഫെസ്റ്റ്.

നാടൻ - വിദേശ ശ്രേണിയിലുളള മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് കോട്ടയത്തിന്റെ കാഴ്ചയും രുചിയുമാകുന്നത്. വെള്ളായണി വരിക്ക, കപ്പ മാങ്ങ, മൂവാണ്ടൻ, അൽഫോൻസോ, നീലം, മൽഗോവ, സിന്ധുരം, പുളിശേരി മാങ്ങ (ചന്ദനകാരൻ), പേരക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണം, രത്‌നാഗിരി, ബാഗാന പള്ളി (സപ്പോട്ട), ദശേരി മാങ്ങ, വാഴ കൂമ്പൻ, ബലമാണി, കൂതദാത്, ചെങ്ക വരിക്ക, മയിൽപീലി മാങ്ങ, കുറുക്കൻ മാങ്ങ, വട്ട മാങ്ങ, കലു നീലം, നക്ഷത്ര കല്ല്, കടുക്കാച്ചി, ചുക്കിരി, ബോംബെ ഗ്രീൻ, ചാമ്പ വരിക്ക, വെള്ള കപ്പ, തോണ്ട് ചവർപ്പൻ, പൂച്ചെടി വരിക, കസ്തൂരി മാങ്ങ, പഞ്ചസാര മാങ്ങ, കപ്പലുമാങ്ങ, കർപൂരം, ഗോമാങ്ങ, മുതലമൂകൻ, പുളിയൻ, കല്ല് കെട്ടി, താളി, കോളമ്പി, പനി കണ്ടൻ, ബാപ്പകയ, കോട്ടൂർ കോണം വരിക്ക, അട മാങ്ങ, ഉപ്പ് മാങ്ങ, അച്ചാർ മാങ്ങ, കേസർ, സുവർണ, കലാപാടി, ദിൽപസ് എന്നിങ്ങനെ മാങ്ങ വൈവിധ്യങ്ങളുടെ പട്ടിക നീളുന്നു.

കോട്ടയം മാമ്പഴക്കാലം ഫെസ്റ്റിലെ പെറ്റ് ഷോ സ്റ്റാൾ സന്ദർശിക്കുന്ന നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ
കോട്ടയം മാമ്പഴക്കാലം ഫെസ്റ്റിലെ പെറ്റ് ഷോ സ്റ്റാൾ സന്ദർശിക്കുന്ന നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ

മാമ്പഴം മാത്രമല്ല:

ഫെസ്റ്റിനോടനുബന്ധിച്ച് റോസ്, ലില്ലി, ചെമ്പരത്തി, ക്രിസാന്തം, മേരിഗോൾഡ്, മുല്ല, പിച്ചി, ലിക്കാടിയാ, ഗോൾഡൻ മുല്ല, കാറ്റസ്‌ക്ലോ, സാൽവിയ, കലാഞ്ചിയ, ജമന്തി, ഓർക്കിഡ്, പീസ് ലില്ലി, ആന്തൂറിയം, ലോറപ്റ്റലം, അരുളി, ഡാലിയ, അസീലിയ, പ്ലമേറിയ, ഗ്ലാഡിയോല, ചെമ്പകം, ബോഗൺവില്ല, മുസാണ്ട, മെലസ്‌റ്റോമ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ചെടികളുടെ തൈകളുടെ വൈവിധ്യങ്ങളും ഫെസ്റ്റിലുണ്ട്. റോസ്, ചുവപ്പ് നിറത്തിലുള്ള ഗുലാബ് ഖാസ്, 300 ഗ്രാം ഭാരമുള്ള പ്രശസ്തമായ രത്‌നഗിരി അൽഫോൻസോയും കൂടാതെ കേസർ, ബേദാമി, രാജപുരി, ബംഗാനപള്ളി, സുവർണരേഖ, നാം ടോക്, ബ്ലാക്‌റോസ്, മിയസാക്കി, ബാ നാനമംഗോ തുടങ്ങി 50ഓളം വത്യസ്ത മാവിൻ തൈകൾ. 6മാസം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ്, 2 വർഷം കൊണ്ട് കായ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ തുടങ്ങി നിരവധി വിദേശിയും സ്വദേശിയുമായ ഫലവൃക്ഷ തൈകളും മേളയുടെ മനം കവരും.

വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അമൂല്യ നിരയുമായി പെറ്റ്‌ഷോയും മാംഗോഫെസ്റ്റിലുണ്ട്. ബാൾ പൈത്തൺ, ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ, കോക്‌ടെയിൽ, പൈനാപ്പിൾ കോണ്യൂർ, ആഫ്രിക്കൻ ലവ്‌ബേർഡ്‌സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാനും ഇവിടെ സൗകര്യമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കുമുൾപ്പെടെ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞും ഇഗ്വാനയെ തോളിലേറ്റിയും ആഫ്രിക്കൻ ലവ്‌ബേർഡിനെ കൊഞ്ചിച്ചും വിവിധ ആംഗിളുകളിൽ ഫോട്ടോയെടുക്കാം. ചട്ടിയിൽ വളരുന്ന കുടംപുളി, ഡ്രാഗൺ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട് തുടങ്ങിയവയും ഫെസ്റ്റിന്റെ ആകർഷണങ്ങളാണ്.

വളരെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ മുതൽ ഭക്ഷ്യ വസ്തുക്കൾ വരെ ലഭിക്കുന്നുവെന്നതാണ് ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകത. രാജസ്ഥാൻ അച്ചാറുകൾ, മൈസൂർ മിഠായികൾ, മൈസൂർ ധാന്യങ്ങൾ, കോഴിക്കോടൻ ഹൽവ, മസാജർ, ചപ്പാത്തി മേക്കർ, എണ്ണയില്ലാതെ ഫ്രൈ ചെയ്യുന്ന ഉപകരണം, ബാംഗ്ലൂർ ഊട്ടി ബജി സ്റ്റാളുകൾ എന്നീ സ്റ്റാളുകൾക്ക് പുറമെ വിവിധ രുചികളിലുള്ള പായസങ്ങളുടെ മേളയും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

ചട്ടിയിൽ വളരുന്ന കുടംപുളി, ഡ്രാഗൺ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട് തുടങ്ങിയവയും പുഷ്പമേളയുടെ ആകർഷണങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള നൂറിൽപ്പരം വാണിജ്യ വ്യാപാര വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം സോൺ, ഓട്ടോ എക്‌സ്‌പോ എന്നിവയും മേളയിലെത്തുന്നവരുടെ മനം കവരും.

മാംഗോ ഹൽവ, മാംഗോ ഐസ്‌ക്രീം, മാംഗോ പായസം, മാമ്പഴ പൊരി, മാമ്പഴ ബജി, മാമ്പഴ കട്‌ലറ്റ്, മാമ്പഴജാം, മാമ്പഴം കൊണ്ട് ഉണ്ടാക്കിയ വിവിധ തരം കറികൾ എന്നിവയോടൊപ്പം അറേബ്യൻ വിഭവങ്ങളും, മലബാറിന്റേയും, മധ്യകേരളത്തിന്റേയും, തെക്കൻ കേരളത്തിന്റേയും രുചിഭേദങ്ങൾ ഒന്നിച്ചാസ്വദിക്കാൻ ഫുഡ്‌കോർട്ടുകൾ, കൽപ്പാത്തി പപ്പടങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദിക്കാൻ അമ്യൂസ്‌മെന്റ് പാർക്ക്, ട്രേഡ് ഫെയർ, ഓട്ടോ എക്‌സ്‌പോ, അഗ്രി നഴ്‌സറി സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിന്റെ പ്രവർത്തന സമയം.

Trending

No stories found.

Latest News

No stories found.