കൊച്ചി: വാട്ടർ മെട്രൊ മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കെഎംആർഎൽ. ഇതിന്‍റെ ഭാഗമായി മട്ടാഞ്ചേരി ടെർമിനലിന്‍റെ നിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി. എറണാകുളം ആസ്ഥാനമായ ക്രെസന്‍റ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ കരാർ ലഭിച്ചിരിക്കുന്നത്. പത്ത് മാസത്തിനകം നിർമാണം പൂർത്തിയാക്കി ടെർമിനലിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് കെഎംആർഎൽ, വാട്ടർ മെട്രൊഎംഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
ടെർമിനലിനായുള്ള സ്ഥലത്തെ നിർമാണത്തിനായുള്ള മുന്നൊരുക്കങ്ങൾ ഉടൻ തുടങ്ങും. ഡിസംബറിൽ ടെർമിനലിന്‍റെ പൈലിംഗ് ആരംഭിക്കും. പ്രീ-ഫാബ് സ്ട്രക്ച്ചർ ഉൾപ്പെടെയുള്ള നിർമാണ രീതികളാണ് ഉപയോഗിക്കുക. ഒരേസമയം പല നിർമാണ ജോലികൾ ഒരുമിച്ച് നടത്തി ടെർമിനൽ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി, മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിന്‍റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. ടെർമിനലിന്‍റെ പൈലിങ് ആരംഭിക്കും.