തിരുവമ്പാടി ദേവസ്വം ആസ്തികള്‍ വില്‍ക്കാൻ നീക്കം

പ്രതിഷ്ഠ മൈനറാണെന്നും സ്വത്തുക്കള്‍ വാങ്ങാനല്ലാതെ വില്‍ക്കാന്‍ നിയമപ്രകാരം സാധിക്കില്ലെന്നും മറുവാദം
Thiruvambadi Sri Krishna temple
Thiruvambadi Sri Krishna temple
Updated on

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം ആസ്തികള്‍ വില്‍ക്കാൻ നീക്കം തുടങ്ങി. അതേസമയം, ഇതിനെതിരേ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. പ്രതിഷ്ഠ മൈനറാണെന്നും സ്വത്തുക്കള്‍ വാങ്ങാനല്ലാതെ വില്‍ക്കാന്‍ നിയമപ്രകാരം അനുമതിയില്ലെന്നുമാണ് വാദം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ അനുമതി തേടി നല്‍കിയ അപേക്ഷ ഇതോടെ വിവാദമായി.

ദേവസ്വത്തിന്‍റെ കണ്ണായ വസ്തുക്കള്‍ ഉള്‍പ്പെടെ വിറ്റ് കടംവീട്ടാനാണ് നീക്കം. മാരാര്‍ റോഡിലെ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റെറര്‍ നില്‍ക്കുന്ന 127.38 സെന്‍റെ്, കുറ്റുമുക്ക് സാന്ദീപനി സ്‌കൂള്‍ ഉള്‍പ്പെടുന്ന സ്ഥലം, ഷൊര്‍ണൂര്‍ റോഡിലെ 27.5 സെന്‍റെ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ വില്‍ക്കാനാണ് നീക്കം. ദേവസ്വത്തിന്‍റെ കൈവശം സ്ഥിരംനിക്ഷേപം നടത്തിയിരുന്ന പലരും തുക തിരികെ ചോദിച്ച് സമ്മര്‍ദം ചെലുത്തുന്നുണ്ട്. തുക മടക്കികൊടുക്കാനാകാതെ നട്ടംതിരിയുന്നതിനിടെയാണ് സ്ഥലം വില്‍ക്കാനുള്ള ശ്രമത്തിലേക്കു കടന്നത്. 150 കോടിയുടെ ബാധ്യതയാണ് തിരുവമ്പാടി ദേവസ്വത്തിനുള്ളത്.

വരുംനാളുകളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ സമ്മര്‍ദമുണ്ടാകാനിടയുണ്ട്. മുന്‍ഭരണസമിതികള്‍ വരവുനോക്കാതെ വന്‍തുക ചെലവിട്ടുവെന്നും സ്വകാര്യകെട്ടിടങ്ങളുടെ വാടക കൃത്യമായി പിരിച്ചെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

മാരാര്‍ റോഡിലെ കണ്‍വന്‍ഷന്‍ സെന്‍റെറിലെ ഹോട്ടല്‍ വാടകയ്ക്ക് എടുത്ത വകയിലും ലക്ഷങ്ങളുടെ കുടിശികയുണ്ട്.സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ഷേത്ര ദേവസ്വങ്ങളാണെങ്കിലും കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്‍റെ കണ്‍ട്രോള്‍ ക്ഷേത്രമാണ് തിരുവമ്പാടിയും പാറമേക്കാവും. അതിനാല്‍ സ്വത്തുവില്‍പ്പന അടക്കമുള്ള കാര്യങ്ങളില്‍ അനുമതി ആവശ്യമാണ്.

എന്നാല്‍ അനുമതി നല്‍കുന്നതിന് തടസമുള്ളതിനാല്‍ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. അതേസമയം വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതനുസരിച്ചേ തീരുമാനമെടുക്കൂവെന്നും കൊച്ചിന്‍ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ ഘടന എന്താണെന്നു കോടതി പരിശോധിക്കാനിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക ജനറല്‍ബോഡി യോഗത്തിലാണ് സ്ഥലംവില്‍ക്കാനുള്ള തീരുമാനം. ആഗസ്റ്റില്‍ ദേവസ്വംബോര്‍ഡിന് അപേക്ഷ നല്‍കി. ആസ്തിവില്‍ക്കാന്‍ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങളുണ്ട്. അതിനാല്‍ സാവധാനം തീരുമാനമെടുക്കാനാണ് കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ധാരണ.

Trending

No stories found.

Latest News

No stories found.