തൊടുപുഴ: കുമളിയിലെ അറുപത്തിയാറാം മൈലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാർ ഡ്രൈവർ വെന്തു മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇറക്കം ഇറങ്ങുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നതായി പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ കണ്ടിരുന്നു. ഇയാൾ കാറിനു മുൻപിലെത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തീ ആളിപ്പടന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ചു കയറി.
ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു. ബൈക്ക് യാത്രികനാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു. കാറിനകത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പീരുമേട് ആശുപത്രിയിലേക്ക് മാറ്റി.