തൃശൂർ കോൾപ്പാടം
തൃശൂർ കോൾപ്പാടം

സർക്കാരിന്‍റെ ദാരിദ്ര്യം കോൾപ്പാടങ്ങളിൽ പട്ടിണി വിതയ്ക്കും

സർക്കാരിന്‍റെ പക്കൽ ഫണ്ടില്ലാത്തതു കാരണം കോൾപ്പാടങ്ങളിൽ കൃഷിയിറക്കുന്നത് രണ്ടു മാസത്തോളം വൈകി. വിളവെടുപ്പും വൈകുന്നത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും.

അജയൻ

തൃശൂർ, മലപ്പുറം ജില്ലകളിലായി 136.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കോൾപ്പാടങ്ങളിൽ നെൽക്കൃഷി ചെയ്യുന്ന കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. കൃഷിയിറക്കുന്നതിൽ രണ്ടു മാസമാണ് കാലതാമസം വന്നിരിക്കുന്നത്. മാലിന്യങ്ങളും പായലും മറ്റും നീക്കം ചെയ്ത് ജലപാതകൾ വൃത്തിയാക്കുന്നതിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് ഇതിനു കാരണം.

വിളവെടുപ്പ് വൈകുന്നത് പ്രതിസന്ധിയുണ്ടാക്കും

സാധാരണഗതിയിൽ സെപ്റ്റംബർ അവസാനമാണ് കോൾപ്പാടങ്ങളിൽ വിത്തിറക്കുന്നത്. ഡിസംബറോടെ നെൽച്ചെടികൾ നല്ല വളർച്ചയെത്തേണ്ടതുമാണ്. എങ്കിൽ മാത്രമേ വേനൽ കനക്കുന്ന മാർച്ച് മാസത്തോടെ യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുക്കാൻ സാധിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ, മേയ് മാസത്തോടെയേ കൊയ്ത്ത് നടക്കൂ. അപ്പോഴേക്കും വേനൽ മഴ കാരണം കൊയ്ത്ത് യന്ത്രങ്ങളും മാറ്റും പാടത്തിറക്കാൻ സാധിക്കാത്ത സാഹചര്യം സംജാതമാകാനാണ് സാധ്യത. അങ്ങനെ വന്നാൽ പരമ്പരാഗത രീതിയിൽ തൊഴിലാളികൾ പാടത്തിറങ്ങി കൊയ്തെടുക്കേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ചെലവേറിയ പ്രക്രിയയായിരിക്കും.

ലാൻഡ് ഡെവലപ്മെന്‍റ് കോർപ്പറേഷന് ഫണ്ടില്ല

സർക്കാർ സ്ഥാപനമായ കേരള ലാൻഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷനാണ് ജലപാതകൾ വൃത്തിയാക്കുന്നതിനുള്ള ചുമതല. എന്നാൽ, ഫണ്ടിന്‍റെ അപര്യാപ്തത കാരണം ഇതു വൈകുകയായിരുന്നു. സർക്കാർ ശേഖരിച്ച നെല്ലിന്‍റെ പണം കർഷകർക്കു നൽകുന്നതിൽ കാലതാമസം വരുകയും, കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടുകുയം ചെയ്യുന്ന കാലഘട്ടത്തിൽ പ്രതിന്ധി കൂടുതൽ വർധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് കോൾ കർഷക സംഘം പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

വാഗ്ദാനങ്ങളല്ലാതെ അർഥവത്തായ ഒരു പിന്തുണയും ഇവിടത്തെ കർഷകർക്കു ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നാണ് മുൻ എംഎൽഎ അനിൽ അക്കര ആരോപിക്കുന്നത്. തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിലെ കർഷക കൂട്ടായ്മ അടാട്ട് എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന അരി വൻ വിജയമായതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് അനിൽ അക്കരയുടെ ഈ വിഷയത്തിലുള്ള പരാമർശം.

കൃഷിക്കൊപ്പം പരിസ്ഥിതി സംരക്ഷണവും

പത്ത് നദികളിൽ നിന്നുള്ള വെള്ളമാണ് കോൾപ്പാടങ്ങളെ ഉർവരമാക്കുന്നത്. കനാലുകളുടെ വിപുലമായൊരു ശൃംഖലയിലൂടെയാണ് കോൾപ്പാടങ്ങളിലെ വെള്ളം മഴക്കാലത്ത് കനോലി കനാലിലെത്തി കടലിലേക്കൊഴുകുന്നത്. വടക്കൻ കോൾ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള റെഗുലേറ്ററുകൾ വഴിയാണ് അധിക ജലം കനോലി കനാലിലെത്തിക്കുക. കൃഷി തുടങ്ങുന്നതോടെ റഗുലേറ്റർ അടച്ച് കനാലിലൂടെ വെള്ളം സംഭരിച്ച് ആവശ്യമുള്ള സമയത്ത് കൃഷിക്ക് ഉപയോഗിക്കുന്നു.

ഈ കനാൽ ശൃംഖലയിൽ പായൽ വ്യാപകമായി വളരുന്നത് പതിവാണ്. അതിനാൽ തന്നെ എല്ലാ വർഷവും ഇതു നീക്കിയ ശേഷമേ കൃഷി ആരംഭിക്കാൻ സാധിക്കൂ. അല്ലെങ്കിൽ ഉചിതമായ അളവിൽ ആവശ്യമായ സമയത്ത് ജല ലഭ്യത പാടങ്ങളിൽ ഉറപ്പാക്കാൻ സാധിക്കില്ല. ഇതേ പായൽ തന്നെയാണ് അഴുകി ജൈവ വളമായി മാറുന്നതും കൃഷിയെ പോഷിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ തണ്ണീർത്തട ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും മലിനീകരണം തടയുന്നതിനും സുപ്രധാനമാണ് കോൾപ്പാടങ്ങളിലെ നെൽകൃഷി.

അധിക മഴവെള്ളം സംഭരിക്കുക, വേനൽക്കാലത്ത് ശുദ്ധജലം ലഭ്യമാക്കുക തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങൾ തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നതിനാൽ, തണ്ണീർത്തട സംരക്ഷണത്തിൽ കൃഷിയുടെ സുപ്രധാന പങ്ക് വിദഗ്ധർ ഊന്നിപ്പറയുന്നു. ഇത് ശരിയായ ജല ചക്രം നിലനിർത്താനും ഭൂഗർഭജലവിതാനം ഉയർത്താനും ചുറ്റുമുള്ള പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും പോലുള്ള ഉയർന്ന ജൈവവൈവിധ്യമുള്ള ജലാശയങ്ങൾ റീചാർജ് ചെയ്യാനും സഹായിക്കുന്നു. ഇത്തരം പ്രകൃതിദത്തമായ പ്രക്രിയകളെ പോലും അപായപ്പെടുത്തുന്ന രീതിയിലാണ് ഇത്തവണത്തെ കോൾ കൃഷിയുടെ പോക്ക്.

Trending

No stories found.

Latest News

No stories found.