ഭൂമിയില്ലാത്ത 100 പേർക്കെങ്കിലും ഭൂമി ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്കു സാധിക്കണം: കോട്ടയം ജില്ലാ കലക്റ്റർ

വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത ഫയലുകളിൽ നടപടികളെടുക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ ഭയന്നു മാറിനിൽക്കരുത്
kottayam collector
കോട്ടയം ജില്ലാ കലക്റ്റർ
Updated on

കോട്ടയം: ഭൂപരിഷ്‌കരണ നിയമങ്ങളെക്കുറിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പരിശീലനം ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഭൂമിയില്ലാത്ത നൂറുപേർക്കെങ്കിലും ഭൂമി കണ്ടെത്തിക്കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്ന് ജില്ലാ കലക്റ്റർ പറഞ്ഞു. വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത ഫയലുകളിൽ നടപടികളെടുക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ ഭയന്നു മാറിനിൽക്കരുത്. കോടതികളുടെ സ്‌റ്റേ പോലുള്ള നടപടികൾ ഇല്ലാത്ത ലാൻഡ് ബോർഡിനു മുന്നിലുള്ള ഫയലുകളിൽ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോകണമെന്നും കലക്റ്റർ പറഞ്ഞു.

സോണൽ ലാൻഡ് ബോർഡിന്റെ കീഴിലുള്ള 6 ജില്ലകളിലെ ഉദ്യോഗസ്ഥർക്കാണ് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.

ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലാൻഡ് ബോർഡ് അസിസ്റ്റന്റ് സെക്രട്ടറിയും ഡെപ്യൂട്ടി കലക്റ്ററുമായ സാം ക്ലീറ്റസ് മുഖ്യാതിഥി ആയിരുന്നു. കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാൻ എസ്. സനിൽകുമാർ, എൽ.ആർ. ഡെപ്യൂട്ടി കലക്റ്റർ കെ. ഉഷ ബിന്ദുമോൾ, എൽ.എ. ഡെപ്യൂട്ടി കലക്റ്റർ കെ.ടി. സന്ധ്യാദേവി, ഹുസുർ ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. 3 സെഷനുകളിലായി നടന്ന പരിശീലനത്തിൽ സാം ക്ലീറ്റസ്, വി. സന്തോഷ്‌കുമാർ, എം.എസ്. ജയൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Trending

No stories found.

Latest News

No stories found.