കൊച്ചി: ആലുവ കുട്ടമശേരിയിൽ ഓട്ടോയിൽനിന്ന് റോഡിൽ തെറിച്ചുവീണ ഏഴു വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാനും കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാർ കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യനാണ് ഷാൻ.
ഇടപ്പള്ളി സ്വദേശിനിയായ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഉടമ വ്യക്തമാക്കി. ഇവരുടെ സുഹൃത്താണ് അറസ്റ്റിലായ ഷാൻ എന്ന് പൊലീസ് പറഞ്ഞു. വാഴക്കുളം മാറമ്പിള്ളി പ്രേം നിവാസിൽ പ്രീൽജിത്തിന്‍റെ മകൻ നിഷികാന്ത് പി. നായർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10ന് കുട്ടമശേരി ആനിക്കാട് കവലയിലാണു സംഭവം. ആലുവയിൽനിന്ന് മാറമ്പിള്ളിയിലേക്കു പിതാവിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയിൽനിന്നു റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിനു പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു.
കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. നിഷികാന്ത് രാജഗിരി ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്.
വാഹന ഉടമയായ രഞ്ജിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്നും ആലുവ സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ആലുവ ഡിവൈഎസ്പി എ പ്രസാദ് പറഞ്ഞു. ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ആലുവ കുട്ടമശേരി റോഡിലുണ്ടായ അപകടത്തില്‍ പൊലീസ് അലംഭാവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടും വാഹനം കണ്ടെത്താൻ നടപടി സ്വീകരിക്കാതെ ഇൻസ്പെകടര്‍ക്ക് രേഖാമൂലം പരാതി നൽകാനാണ് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. അലംഭാവം വാർത്തയായതോടെ രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ കാര്‍ കണ്ടെത്തിയത്.