ഗുരുവായൂർ: ഉത്സവാന്തരീക്ഷത്തിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്‍റെ സ്വപ്ന പദ്ധതി റെയ്ൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചതോടെ യാഥാർഥ്യമായത് ക്ഷേത്ര നഗരിയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം. നാടും നഗരവും അഭിമാന പദ്ധതിയോടൊപ്പം കൈകോർത്തപ്പോൾ ഗുരുവായൂർ ആനന്ദ ലഹരിയിലാറാടി. ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.
മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ റെയ്ൽവേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസത്തിന് വിരാമമായി. ഒരു ദിവസം മുപ്പതോളം തവണയാണ് റെയ്ൽവേ ക്രോസ് അടച്ച് തുറന്നിരുന്നത്. ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസത്തിന് പരിഹാരമായി റെയ്ൽവേ മേല്‍പ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി ഫണ്ടില്‍ നിന്ന് 24.54 കോടി രൂപയാണ് റെയ്ൽവേ മേല്‍പ്പാലം നിര്‍മാണത്തിന് അനുവദിച്ചത്. 2017ൽ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായി. റെയ്ൽവേ മേല്‍പ്പാല നിർമാണത്തിനായി 23 സെന്‍റ് സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തു. 2017 നവംബറില്‍ റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരള (ആര്‍ബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയില്‍ നിർമാണോദ്ഘാടനം നടത്തി.
കെ.വി അബ്ദുല്‍ഖാദര്‍ എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ് മേല്‍പ്പാലത്തിന് അനുമതി ലഭ്യമായത്. തുടര്‍ന്ന് എന്‍.കെ അക്ബര്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിന്‍റെ ഭാഗമായി മേല്‍പ്പാലം നിർമാണം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിർമാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയ്ൽവേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തികരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് നിർമാണം നടത്തിയത്.
റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരളയ്ക്കായിരുന്നു നിർമാണ ചുമതല. 5 സ്പാനുകളിലായി 22 ഗര്‍ഡറുകളുമാണ് മേല്‍പ്പാല നിർമാണത്തിന് ഉപയോഗിച്ചത്. റെയ്ൽവേ ഗേറ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തില്‍ 7.5 മീറ്റര്‍ വീതിയിലായി റോഡും 1.5 മീറ്റര്‍ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലു മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡായി ഉപയോഗിക്കും. മേല്‍പ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പണ്‍ ജിം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും.