ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: റിപ്പോർട്ട് അപൂർണം

ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ച രീതി ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ
Patinet in lift: Report incomplete
ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: റിപ്പോർട്ട് അപൂർണം
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജൂലൈ 13 ന് ഉച്ചക്ക് 12 ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ച രീതി ശരിയായ നടപടിയല്ലെന്നും ഇതു ഗൗരവമായി കാണുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.

രവീന്ദ്രൻ നായർ എന്ന രോഗിയെ ലിഫ്റ്റിൽ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. രവീന്ദ്രൻ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 14 ന് മെഡിക്കൽ കോളെജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്ന് ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലൈ 13 ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ രവീന്ദ്രൻ നായർ (59) പരിശോധനാ ഫലം ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്റ്റിൽ കുരുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലടി മുകളിലേക്ക് കയറുമ്പോൾ ലിഫ്റ്റ് നിൽക്കുകയും രോഗി അലാറം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.

ലിഫ്റ്റിന്‍റെ വാതിലുകൾക്കിടയിലൂടെയുള്ള ഭാഗത്ത് നിന്നും വെളിച്ചവും ഓക്സിജനും കിട്ടിയതുകൊണ്ട് രോഗി അബോധാവസ്ഥയിലേക്ക് പോയില്ല. എന്നാൽ രോഗിക്ക് പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം വന്നു ചേർന്നു. പ്രാഥമികാവശ്യങ്ങൾ പോലും ലിഫ്റ്റിൽ തന്നെ നടത്തിയ നിലയിലാണ് രോഗിയെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒപി ലിഫ്റ്റിന്‍റെ ചുമതലയുണ്ടായിരുന്ന മുരുകൻ, കെ.എസ്. ആദർശ്, മേൽനോട്ട ചുമതലയുള്ള ഡ്യൂട്ടി സാർജന്‍റ് രജീഷിനെയും തൽക്കാലം സർവീസിൽ നിന്ന് മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ കോളെജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടിണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇലക്ട്രിക്കൽ വിങ്ങ് എഇ, എസ്റ്റേറ്റ് ഓഫീസർ, നഴ്സിംഗ് ഓഫീസർ, ഒമേഗ എലിവേറ്റേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പ്രിൻസിപ്പൽ തലത്തിൽ യോഗം കൂടാനും വിശദമായി തുടർ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.