ജെറോം മൈക്കിൾ
ആലുവ: പെരിയാർ തീരം വെള്ളപ്പൊക്ക ഭീതിയിലായതോടെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. പെരിയാറിൽ 12 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയും, ഭൂതത്താൻകെട്ട് അടക്കമുള്ള ഡാമുകൾ തുറന്നതും ജല നിരപ്പ് ഉയരാൻ കാരണമായി. തീര പ്രദേശത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയും ജലപ്രവാഹവും കർക്കിടക വാവ് ബലി തർപ്പണത്തെയും ബാധിച്ചേക്കും. ഓഗസ്റ്റ് മുന്നിനാണ് കർക്കിടക വാവ് ബലി തർപ്പണം. ബലി തർപ്പണത്തിനായി പതിനായിങ്ങളാണ് ആലുവ മണപ്പുറത്ത് എത്തിച്ചേരാറുള്ളത്. ഇത്തരത്തിൽ ജല നിരപ്പ് ഉയർന്നാൽ ബലി തർപ്പണം നടത്താൻ അസൗകര്യം ഉണ്ടാകും. മുൻപ് പല വർഷങ്ങളിലും ഇത്തരത്തിൽ വെള്ളെപ്പൊക്കം ഉണ്ടായപ്പോൾ സമീപ റോഡുകളിലാണ് ബലി തർപ്പണം നടത്താൻ കഴിഞ്ഞത്.
വെള്ളം ഇറങ്ങിയാലും മണപ്പുറെത്തെ ചെളി നീക്കം ചെയ്ത് പെരിയാർ തീരം ബലി തർപ്പണത്തിന് സജ്ജമാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. കർക്കിടക വാവ് പ്രമാണിച്ച് മണപ്പുറത്ത് എത്തിയ കച്ചവട സ്ഥാപനങ്ങളിെലെ ഉത്പനങ്ങൾ എല്ലാംവെള്ളത്തിൽ ഒലിച്ചു പോയി.
പുലർച്ചെയോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. പുലർച്ചെ 3.45 ഓെടെ പെരിയാർ കരകവിഞ്ഞ് ആലുവ തേവർക്ക് ആറാട്ടും നടന്നു. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് ആറാട്ട് നടക്കുന്നത്. കഴിഞ്ഞ 16 ന് പുലർച്ചെ അഞ്ചിനും ആറാട്ട് നടന്നിരുന്നു. കഴിഞ്ഞ വർഷം ആറാട്ട് നടന്നില്ലെങ്കിലും 2022ൽ അഞ്ച് തവണ ആലുവ തേവർക്ക് ആറാട്ട് നടന്നിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ വില്വമംഗലം സ്വാമിയാരാണ് ആലുവ മണപ്പുറെത്തെ ശിവ ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. മണൽത്തരികൾ കൊണ്ട് നിർമിതമായ ശിവലിംഗം എത്ര നാൾ വെള്ളത്തിൽ കിടന്നാലും യാതൊരു കേടുപാടുകളും സംഭവിക്കില്ല. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരൂപം കണ്ട് തൊഴുത് വണങ്ങാൻ ശിവരാത്രി നാളിൽ ജന ലക്ഷങ്ങളാണ്പെരിയാറിൻ തീരത്തേക്ക് എത്തുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ ഭഗവാനെ ആനപ്പുറത്തെഴുന്നള്ളിച്ച് ജലാശയത്തിൽ ആറാടിച്ച് തിരികെ ക്ഷേത്രത്തിൽ കൊണ്ട് പോയി ആറാട്ട് ചടങ്ങ് പൂർത്തിയാക്കുകയാണ് പതിവെങ്കിൽ, ആലുവയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്ന് സ്വയം ഭൂവായി ആറാട്ട് നടന്നാൽ മാത്രമെ ആറാട്ട് ചടങ്ങുകൾ നടത്താറുള്ളൂ.
ജല നിരപ്പ് ഏറിയതിനാൽ വെള്ളം കയറി നിൽക്കുന്ന ഭാഗത്ത് വച്ച് നിത്യേനയുള്ള പൂജാകർമങ്ങൾ നടത്തുമെന്ന് ക്ഷേത്രം മേൽശാന്തി മുല്ലക്കൽ ശങ്കരൻ നമ്പൂതിരി പറഞ്ഞു.
പെരിയാറിലെ ജല നിരപ്പ് ഏറി വരുമ്പോൾ 2018ലെ പ്രളയമാണ് ജന മനസുകളിൽ അലയടിക്കുന്നത്. ആലുവ അപ്പാടെ വെള്ളത്തിൽ മുങ്ങിയ 2018 ഓഗസ്റ്റ് 15ലെ മഹാ പ്രളയം ഇന്നും ഒരു മായാത്ത പേടിസ്വപ്നമായി നാട്ടുകാരുടെ മനസിൽ തുടരുകയാണ്. അതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങുമ്പോൾ തന്നെ ആലുവ നിവാസികൾ താരങ്ങളുടെ വില പിടിപ്പുള്ള സാധന സാമഗ്രികൾ എല്ലാം കെട്ടിപ്പെറുക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാനുള്ള തയാറെടുപ്പ് ആരംഭിച്ചിരിക്കും.