ആ'ശങ്ക' തീര്‍ക്കാന്‍ വഴിയില്ലാതെ കൊച്ചി

നഗരത്തിലെ 20 സ്ഥലങ്ങളില്‍ പബ്ലിക് ടോയ്‌ലറ്റുകൾ സ്ഥാപിക്കാനുള്ള കരാറില്‍ നിന്ന് സ്വകാര്യ കമ്പനി പിന്മാറി
An areal view of Kochi city.
An areal view of Kochi city.Representative image
Updated on

ജിബി സദാശിവന്‍

കൊച്ചി: നഗരത്തിലെ 20 സ്ഥലങ്ങളില്‍ പബ്ലിക് ടോയ്‌ലറ്റുകൾ സ്ഥാപിക്കാനുള്ള കരാറില്‍ നിന്ന് സ്വകാര്യ കമ്പനി പിന്മാറി. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. നാല് മാസം മുന്‍പാണ് കൊച്ചി നഗരസഭ ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായി 20 കേന്ദ്രങ്ങളില്‍ ടോയ്‌ലറ്റ് കോംപ്ലക്സ് സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ടത്. സ്വകാര്യ ഏജന്‍സി പിന്മാറിയതോടെ പദ്ധതി നടപ്പാക്കാനായി മറ്റു വഴികള്‍ തേടുകയാണ് കൊച്ചി നഗരസഭ.

സ്വകാര്യ ഏജന്‍സിയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏജന്‍സി പിന്മാറിയതോടെ ചില എന്‍ജിഒകളുമായും ക്ലബുകളുമായും പദ്ധതി ചര്‍ച്ച ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭ. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ് തുടങ്ങി സഞ്ചാരികളും ജനക്കൂട്ടവും വരുന്ന പ്രധാന കേന്ദ്രങ്ങളിലാണ് ടോയ്‌ലറ്റ് കോംപ്ലക്സുകള്‍ നിര്‍മിക്കാന്‍ നഗരസഭ പദ്ധതി തയാറാക്കിയിരുന്നത്.

പദ്ധതിക്കായി ഫണ്ട് ശേഖരിക്കേണ്ടത് കരാര്‍ കമ്പനിയുടെ ചുമതലയായിരുന്നു. സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 20 കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഭൂമി നഗരസഭ ലഭ്യമാക്കുമെന്നായിരുന്നു കരാര്‍.

എന്നാല്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതില്‍ പ്രതിപക്ഷം തുടക്കം മുതല്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷണാര്‍ഥം പത്ത് കേന്ദ്രങ്ങളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. പൈലറ്റ് പദ്ധതി വിജയകരമാണെങ്കില്‍ മാത്രം ടോയ്‌ലറ്റ് പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു കൗണ്‍സില്‍ തീരുമാനം.

കൊച്ചി നഗരത്തിലെ നിലവിലുള്ള പൊതു ശൗചാലയങ്ങളുടെ സ്ഥിതിയും കൂടുതല്‍ ശൗചാലയങ്ങള്‍ ആവശ്യമായ സ്ഥലങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഗരാസൂത്രണ സ്ഥിരം സമിതിയോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. നഗരത്തില്‍ പുതുതായി 50 പൊതു ടോയ്‌ലറ്റുകളെങ്കിലും വേണമെന്നാണ് സമിതി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് 20 ടോയ്‌ലറ്റ് കോംപ്ലക്സുകള്‍ നിര്‍മിക്കാന്‍ നഗരസഭ പദ്ധതി തയാറാക്കിയത്.

Trending

No stories found.

Latest News

No stories found.