ജിബി സദാശിവന്‍
കൊച്ചി: കൊച്ചിയുടെ ചുറ്റുവട്ടത്തുള്ള ആറോളം സാറ്റലൈറ്റ് ടൗണുകളെ ബന്ധിപ്പിക്കുന്ന സീ പോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്‍റെ തുടർ നിര്‍മാണ പ്രവർത്തനങ്ങൾ ഫണ്ടിന്‍റെ അപര്യാപ്തത മൂലം സ്തംഭിച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, ആലുവ, അങ്കമാലി എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്റ്റന്‍ഷന്‍ റോഡ് നിര്‍മാണമാണ് ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ സ്തംഭിച്ചത്.
2018ല്‍ നിര്‍മാണം ആരംഭിച്ച റോഡിന്‍റെ എന്‍എഡി - ആലുവ പാതയുടെ നിര്‍മാണം നിലവിൽ മുടങ്ങിക്കിടക്കുകയാണ്. 437 കോടി രൂപയാണ് തുടക്കത്തിൽ കണക്കാക്കിയിരുന്ന നിര്‍മാണച്ചെലവ്. ഇപ്പോഴിത് 750 കോടി രൂപയായി ഉയര്‍ന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യം നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് കിഫ്ബി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എന്‍ എ ഡി - ആലുവ സ്ട്രെച്ചില്‍ മാത്രം സ്ഥലം ഏറ്റെടുക്കലിനായുള്ള ചെലവ് 300 കോടിയില്‍ നിന്ന് 620 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഏറ്റെടുക്കാന്‍ മാര്‍ക്ക് ചെയ്തിട്ടുള്ള സ്ഥലത്തിന്‍റെ ഉടമകള്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രതിസന്ധിയിലാണ്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിനായി സര്‍വേ പൂര്‍ത്തിയാക്കി മാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് പോലും സ്ഥലം പണയപ്പെടുത്തി പണം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടുമില്ല.
വിവിധ പദ്ധതികളുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലെ റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ കളമശേരി, തൃക്കാക്കര, കളമശേരി പ്രദേശങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാകും. കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുകയും കളമശേരിയിലെ ജുഡീഷ്യല്‍ സിറ്റി പദ്ധതി നടപ്പാകുകയും ചെയ്യുന്നതോടെ കളമശേരി, തൃക്കാക്കര പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരും. അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കിയാല്‍ മാത്രമേ തിരക്കൊഴിവാക്കാനും വികസനത്തിന്‍റെ ആനുകൂല്യം പൂര്‍ണമായും ജനങ്ങള്‍ക്ക് അനുഭവിക്കാനും കഴിയൂ.
എന്‍എഡി - ആലുവ 6.6 കിലോമീറ്റര്‍ സ്ട്രെച്ച് യാഥാര്‍ഥ്യമാക്കാന്‍ 74.41 ഏക്കര്‍ സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടത്. 2018 ലെ ബേസിക് വാല്യൂ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കല്‍ ചെലവ് കണക്കാക്കിയത്. എന്നാല്‍ 2024 ആയപ്പോഴേക്കും സ്ഥല വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട തുക നല്കാന്‍ കിഫ്ബി തയാറായാല്‍ രണ്ട് മാസത്തിനുള്ളില്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകുമെന്നാണ് ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.
2.4 കിലോമീറ്റര്‍ നീളമുള്ള കളമശേരി - എന്‍എഡി റോഡ് നിര്‍മാണം 2005 ല്‍ ആരംഭിച്ചതാണെങ്കിലും ഇതുവരെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗത്തെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി കിടക്കുകയാണ്. എന്‍എഡി, എച്ച്എംടി എന്നിവരുടെ നാല് ഏക്കര്‍ ഭൂമി ഇനിയും ഏറ്റെടുത്താല്‍ മാത്രമേ ഈ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാകൂ. എന്നാല്‍ എന്‍ എ ഡി ഭൂമിയുടെ കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രലയത്തിന്‍റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഇത് പരിഹരിക്കാനായാല്‍ എച്ച്എംടി - എന്‍എഡി പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാകും.