കരുവന്നൂർ തട്ടിപ്പ്: ബിജെപി - സിപിഎം അന്തർധാര സജീവമെന്ന് ടി. സിദ്ധിഖ് | Video
രാജീവ് മുല്ലപ്പള്ളി
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര വളരെ സജീവമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ധിഖ് എംഎൽഎ.
തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ നിന്ന് ആരംഭിച്ച സഹകരണ സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ "വിശുദ്ധ അഴിമതി"യായി വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ തൊഴിലാളി വർഗ ജനതയുടെ ഉന്നമനത്തിനായി സാക്ഷാൽ എകെജിയുടെ നേതൃത്വത്തിൽ "ഇന്ത്യൻ കോഫി ഹൗസ്" എന്ന സഹകരണ സ്ഥാപനം കേരളത്തിൽ ആദ്യമായി ആരംഭിച്ച തൃശൂരിൽ തന്നെയാണ് സഹകരണ മേഖലയ്ക്ക് കളങ്കം ചാർത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിയെ ഒറ്റു കൊടുക്കരുതെന്നും നേതാക്കളെ സംരക്ഷിക്കണമെന്നും പറയുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, തട്ടിപ്പിനിരയായ സാധാരണക്കാരായ സഹകാരികളെക്കുറിച്ച് ആശങ്കയില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും സിദ്ദിഖ്.
ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി, ടി.ജെ. സനീഷ് കുമാർ എംഎൽഎ, നേതാക്കളായ പത്മജ വേണുഗോപാൽ, അനിൽ അക്കര, എം.പി. വിൻസെന്‍റ്, എം.പി. ജാക്സൺ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ഡിസിസി സെക്രട്ടറി ആന്‍റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്‍റ് ബൈജു കുറ്റിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായി ഇഹലോകവാസം വെടിയേണ്ടി വന്ന ആറു പേരുടെ ഛായാചിത്രങ്ങൾക്കു മുമ്പിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ആയിരങ്ങൾ അണിനിരന്ന കോൺഗ്രസിന്‍റെ സഹകരണ സംരക്ഷണ പദയാത്ര ആരംഭിച്ചത്.