മട്ടാഞ്ചേരി: കൊച്ചിയിലെ തെരുവുകളിലൂടെ നടക്കുന്നവർ ഒരു വടി കൂടി കയ്യിൽ കരുതേണ്ട അവസ്ഥയിലാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നായ്ക്കൾ കൂട്ടമായി തെരുവുകൾ കൈയടക്കുമ്പോൾ ഏറെ ഭയന്നാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നടക്കുന്നത്.
കൊച്ചിയിൽ മുമ്പെങ്ങുമില്ലാത്ത വിധം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. റോഡിലൂടെ നടക്കുന്നവർ മാത്രമല്ല ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരേയും നായ്ക്കൾ വെറുതേ വിടുന്നില്ല. കൂട്ടാമായെത്തുന്ന നായ്ക്കളുടെ അക്രമത്തിൽ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവായി മാറിയിരിക്കുകയാണ്.
പലയിടങ്ങളിലും നായ്ക്കൾ ആളുകളെ അക്രമിക്കുന്ന അവസ്ഥയാണ്. തോപ്പുംപടി, കരുവേലിപ്പടി, കഴുത്ത് മുട്ട്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി തുടങ്ങിയിടങ്ങളിലാണ് തെരുവ് നായ്ക്കൾ വിലസുന്ന സാഹചര്യമുളളത്.
ഫോർട്ട് കൊച്ചി ടൂറിസം മേഖലയിലും തെരുവ് നായ്ക്കളുടെ ശല്യം വിനോദത്തിനായി എത്തുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇന്നലെ മട്ടാഞ്ചേരി പുതിയ റോഡ് വാട്ടർ ടാങ്കിന് സമീപം ആടിനെ തെരുവ് നായ്ക്കൾ ക്രൂരമായി അക്രമിച്ച് കൊന്ന സംഭവം അരങ്ങേറി. ഇന്നലെ അർധരാത്രിയാകാം ആടിനെ കടിച്ച കൊന്നതെന്നാണ് പറയുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ കൊണ്ട് വന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ലെന്ന് വേണം കരുതാൻ.