സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15നകം സഞ്ചാരയോഗ്യമാക്കും

മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു നഗരത്തിലുണ്ടായ‌‌ വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനും തീരുമാനം
Smart City Thiruvananthapuram
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15നകം സഞ്ചാരയോഗ്യമാക്കും
Updated on

തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15 നകം സഞ്ചാരയോഗ്യമാക്കും. മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു നഗരത്തിലുണ്ടായ‌‌ വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനും മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നു മന്ത്രി. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

റോഡ് നിർമാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണം.

മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴ നഗരത്തിൽ ചില മേഖലകളിൽ വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ്, വാട്ടർ അഥോറിറ്റി, മേജർ - മൈനർ ഇറിഗേഷൻ വകുപ്പുകൾ, കോർപ്പറേഷൻ എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ യോജിച്ചുള്ള പ്രവർത്തനം നടത്തി മേയ് 23 നകം പ്രശ്‌നപരിഹാരമുണ്ടാക്കണം. തുടർന്നുള്ള ദിവസങ്ങളിലും നഗരത്തിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഈ വകുപ്പുകളിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെയുള്ളവർ ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ മുൻകൂട്ടി വിലയിരുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകൾ ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകണം. കലക്ടർ റിപ്പോർട്ട് സർക്കാരിനു കൈമാറണം. ഓരോ ദിവസവും വൈകിട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു കളക്ടർ പ്രവർത്തനങ്ങൾ വിലയിരുത്തണം. മൺസൂൺ കാലത്ത് നഗരത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് അടക്കമുള്ള കെടുതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് ഓരോ പ്രദേശങ്ങളുടേയും ചുമതലയ്ക്ക് ഡെപ്യൂട്ടി കലക്ടർമാരെ ഏർപ്പെടുത്തണം. ഇവർ കോർപ്പറേഷനുമായും സർക്കാർ സംവിധാനങ്ങളുമായും ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.