തൃശൂർ ജനറൽ ആശുപത്രിയിൽ ഡയാലിസ് മുടങ്ങിയിട്ട് മാസങ്ങൾ

മാലിന്യ സംസ്കരണ രംഗത്ത് കോർപ്പറേഷൻ പൂർണ പരാജയമെന്ന് പ്രതിപക്ഷം
തൃശൂർ ജനറൽ ആശുപത്രി Thrissur General Hospital
തൃശൂർ ജനറൽ ആശുപത്രി
Updated on

തൃശൂർ: കോർപ്പറേഷനു കീഴിലുള്ള ജനറൽ ആശുപത്രിയിൽ ഡയാലിസ് മുടങ്ങിയിട്ടു മാസങ്ങളായിട്ടും കോർപ്പറേഷൻ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണെന്നു കൗൺസിലർ ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. എത്രയും പെട്ടെന്നു പുതിയ ഡയാലിസ് യന്ത്രങ്ങൾ വാങ്ങി സ്തംഭനം ഒഴിവാക്കണം. ഡയാലിസിസ് മുടങ്ങിയതിനാൽ നിർധന രോഗികൾ ബുദ്ധിമുട്ടുകയാണ്.

തകർന്ന റോഡുകൾ

തകര്‍ന്നു കിടക്കുന്ന റോഡുകൾ മാസങ്ങളായിട്ടും റീടാർ ചെയ്തു ഗതാഗതയോഗ്യമാക്കാനുള്ള സംവിധാനം കോർപ്പറേഷൻ ഏർപ്പെടുത്താത്തത് നിരുത്തരവാദപരമായ സമീപനമാണ്. താൽക്കാലികമായി കുഴികൾ അടയ്ക്കുമെന്നു പ്രഖ്യാപിച്ചത് പോലും നടപ്പാക്കാൻ സാധിച്ചില്ലെന്നും ജോൺ ഡാനിയേൽ കുറ്റപ്പെടുത്തി.

സ്വരാജ് റൗണ്ട് അടക്കമുള്ള രാജവീഥികൾ സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്. ശക്തൻ ബസ് സ്റ്റാന്‍റിന്‍റെ ഒരു ഭാഗം മാത്രം കോൺക്രീറ്റ് ചെയ്യാതെ കോർപ്പറേഷൻ വാശി കാണിക്കുകയാണെന്നു രാജൻ.ജെ.പല്ലൻ പറഞ്ഞു.

എം.ജി റോഡ് വികസനമുൾപ്പെടെ ജംഗ്ഷൻ വികസനങ്ങൾ ഒമ്പതു വർഷമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല.

മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണ രംഗത്തു കോർപ്പറേഷൻ പൂർണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു. ശക്തൻ നഗർ, കുരിയച്ചിറ, ടി.യു.ഡി.എ റോഡ് എന്നിവിടങ്ങളിലെ ഒ.ഡബ്ലിയു.സി പ്ലാന്‍റ് , ശക്തൻ മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള ഇൻസുലേറ്റർ, വിവിധ ഭാഗങ്ങളിലെ ഇരുപതോളം വരുന്ന ബയോഗ്യാസ് പ്ലാന്‍റുകൾ എല്ലാം അടച്ചുപൂട്ടി. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന ഭക്ഷണവിശിഷ്ടങ്ങൾ എവിടെയാണു കോർപ്പറേഷൻ സംസ്കരണം നടത്തുന്നതെന്ന് മേയർ കാണിച്ചു തരണം. കോർപ്പറേഷനിൽ ഒരു സ്ഥലത്തു പോലും ഫുഡ് വേസ്റ്റ് സംസ്കരണ പദ്ധതിയില്ല.

മാലിന്യങ്ങൾ ഓരോ സ്ഥലങ്ങളിലും കോർപ്പറേഷൻ കുഴിച്ചുമൂടുകയാണ്. പണം വാങ്ങി പന്നി ഫാമുകളിലേക്കും നൽകുന്നുണ്ട്.

കക്കൂസ് മാലിന്യ സംസ്കരണത്തിനു വേണ്ടി പൂത്തോൾ വാങ്ങിയ 12 ഏക്കർ സ്ഥലത്തിനു നൽകിയ കോടിക്കണക്കിന് രൂപ നഷ്ടമായെന്നും തണ്ണീർത്തടം 12 ഏക്കർ വാങ്ങിയതിൽ വലിയ അഴിമതിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

ഐ.എം. വിജയൻ സ്റ്റേഡിയം

ഫുട്ബോൾ താരം ഐ.എം. വിജയന്‍റെ പേരിൽ ലാലൂരിൽ നിർമ്മിക്കുന്ന സ്റ്റേഡിയം ഉദ്ഘാടനം വൈകുകയാണ്. സ്റ്റേഡിയം ജനങ്ങൾക്കായി ഉടൻ തുറന്നു കൊടുക്കണം.

സുരേഷ് ഗോപിക്കെതിരേ കേസെടുക്കണം

കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി മാധ്യമപ്രവർത്തകരോടു മോശമായി പെരുമാറിയ സംഭവത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളോടു കേസെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. ഉപനേതാവ് ഇ.വി.സുനിൽരാജ്, ജോൺ ഡാനിയേൽ പ്രമേയത്തെ പിന്താങ്ങി. തുടർന്ന് നടുക്കളത്തിൽ ഇറങ്ങിയ കൗൺസിലർമാർ സുരേഷ് ഗോപിയുടെ ചിത്രം കീറിയെറിഞ്ഞു.

നാൽക്കാലി പ്രശ്നം

തെരുവുനായ ശല്യത്തിന് അറുതി വരുത്താൻ അടിയന്തിര നടപടികൾ കൈക്കൊള്ളണം. ഇതു സംബന്ധിച്ചു വ്യക്തമായ നിലപാടു ജനങ്ങളോടു മേയർ പറയണം. കൗൺസിലർമാരെ ജനങ്ങൾക്ക് മുന്നിൽ ഇരുട്ടത്ത് നിർത്തരുത്. നായ, പശു നാൽക്കാലി മൃഗങ്ങളുടെ സംസ്കാരത്തിന് ക്രിമിറ്റോറിയം സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കോർപ്പറേഷൻ ഉടൻ നടപ്പാക്കണം. ഇതിന്‍റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാൻ കോർപ്പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എ.ബി.സി പദ്ധതിയുടെ പരാജയം മൂലം നൂറുകണക്കിനു നായകൾ കോർപ്പറേഷനിൽ പെരുകി. വന്ധ്യംകരണം നടത്തിയ പട്ടികൾ പോലും പ്രസവിച്ചു.

Trending

No stories found.

Latest News

No stories found.