തൃശൂർ: പൂരങ്ങളുടെ നഗരിയായ തൃശൂർ ഇനി പുത്തൻ യാത്രാ സംസ്കാരത്തിലേക്ക് കാല് കുത്തുന്നു. തൃശൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ശക്തൻ നഗറിലൂടെ, ജീവൻ പണയം വച്ച് റോഡ് മുറിച്ചു കടന്ന കാലം ഇനി മറക്കാം. പകരം ആകാശപ്പാതയിലേറി നഗരക്കാഴ്‌ചകളും ആകാശക്കാഴ്ചകളും കണ്ട് റോഡ് മുറിച്ചു കടക്കാം.
നാല് ഭാഗങ്ങളില്‍ നിന്നും കയറാവുന്ന വിധം ചവിട്ടുപടികളും, ലിഫ്‌റ്റുകളും എല്ലാം ഉൾപ്പെടുന്ന, പ്രത്യേകതകൾ ഏറെയുളള കേരളത്തിലെ ഏറ്റവും നീളമേറിയ ആകാശപ്പാതയാണ് തൃശൂരിനു സ്വന്തമായിരിക്കുന്നത്.
റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപ്പാത നിർമിച്ചത്. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോവാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്.
തൃശൂർ നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ശക്തൻ നഗര്‍. ഇവിടെ സംഗമിക്കുന്ന നാല് റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത.
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ-മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നി നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെയോ ലിഫ്റ്റുകളോ ഉപയോഗിച്ച് ആകാശ പതായിലക്ക് പ്രവേശിക്കാവുന്നതാണ്.
കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി ചെലവഴിച്ചാണ് തൃശൂര്‍ റൗണ്ട് മോഡലില്‍ വൃത്താകൃതിയില്‍ ആകാശപ്പാത നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആകാശപ്പാത തുറന്നുകൊടുത്തിരുന്നെങ്കിലും എസി സ്ഥാപിക്കുന്നതിനടക്കമുള്ള ജോലികള്‍ക്കായി വീണ്ടും അടയ്ക്കുകയായിരുന്നു. ഉദ്ഘാടനത്തിനുശേഷം രാത്രി പത്തരവരെ ആകാശപ്പാതയില്‍ പ്രവേശനം അനുവദിക്കും.
ഉദ്ഘാടനത്തിനൊരുങ്ങിയ ആകാശപ്പാത ഓണ നാളുകളിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ആകാശപ്പാതയുടെ നിരവധിരാണ് ആകാശ കാഴ്ച കണ്ട് കടന്നുപോയത്. 2018ൽ ഭരണാനുമതി കിട്ടി 2019 ഒക്ടോബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ച പദ്ധതിയാണ് ഇത്.