തലസ്ഥാനത്തെ റോഡ് നവീകരണം പൂര്‍ത്തിയാക്കാൻ ടൈംടേബിള്‍

എല്ലാമാസവും മന്ത്രിതലത്തില്‍ അവലോകനം നടത്തും
Statue junction, Thiruvananthapuram, Kerala.
Statue junction, Thiruvananthapuram, Kerala.
Updated on

തിരുവനന്തപുരം: നഗരത്തിലെ റോഡുകളുടെ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി ടൈം ടേബിള്‍ തയാറാക്കാനും എല്ലാ മാസവും മന്ത്രിതലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനം.

മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെട്ടതും കെആര്‍എഫ്ബിയുടെ കീഴിലുള്ളതുമായ എല്ലാ റോഡുകളും സമയബന്ധിതമായി നവീകരിക്കാന്‍ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സാങ്കേതിക കാരണങ്ങളാല്‍ നവീകരണം വൈകുന്ന റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും.

സാങ്കേതിക കാരണങ്ങളാല്‍ റോഡ് നിര്‍മാണം വൈകിപ്പിക്കുന്നതു ജനങ്ങളോടുള്ള ക്രൂരതയാണെന്നും ഇതൊഴിവാക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.കെആര്‍എഫ്ബി ഏറ്റെടുത്ത നഗരത്തിലെ രണ്ട് സ്മാര്‍ട് റോഡുകളായ മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവ ഇതിനോടകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. സ്‌പെന്‍സര്‍ ഗ്യാസ് ഹൌസ് ജംഗ്ഷന്‍, വിജെടി ഹാള്‍ ഫ്‌ളൈ ഓവര്‍ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു. ഈ പ്രവര്‍ത്തികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും.

സ്റ്റാച്ച്യൂ-ജനറല്‍ഹോസ്പിറ്റല്‍, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍- ബേക്കറി ജംഗ്ഷന്‍, തൈകാട് ഹൗസ്- കീഴെ തമ്പാനൂര്‍, നോര്‍ക്ക ഗാന്ധി ഭവന്‍ , കിള്ളിപ്പാലം-അട്ടകുളങ്ങര റോഡുകള്‍ മാര്‍ച്ചിലും പൂര്‍ത്തിയാകും. ബാക്കിയുള്ള ഓവര്‍ ബ്രിഡ്ജ് കളക്ടറേറ്റ് ഉപ്പിലാമൂട് ജംഗ്ഷന്‍, ജനറല്‍ ഹോസ്പിറ്റല്‍-വഞ്ചിയൂര്‍ റോഡ്, ആല്‍ത്തറ-ചെന്തിട്ട എന്നീ റോഡുകളുടെ നിര്‍മാണം ഏപ്രില്‍ മെയ് മാസങ്ങളിലും പൂര്‍ത്തീകരിക്കാനാണ് ധാരണ. കൂടാതെ കെആര്‍എഫ്ബിയുടെ ചുമതലയിലുള്ള 28 പി ഡബ്ല്യൂഡി റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുകൂടാതെ സ്മാര്‍ട്ട് സിറ്റിക്ക് കീഴിലുള്ള മറ്റ് റോഡുകളുടെ നിര്‍മാണം നാലു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന 10 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള റോഡുകളുടെ നവീകരണം വേഗത്തില്‍ സമയബന്ധിതമായി തീര്‍ക്കാനും ധാരണയായി. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന തുക ലാപ്‌സാവാന്‍ ഇടയാകരുതെന്നും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.

Trending

No stories found.

Latest News

No stories found.