കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമ്മിക്കുന്നത് വനം വകുപ്പിന്റെ അശാസ്ത്രീയ തീരുമാനമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ്

ആനകൾ മരങ്ങൾ ഫെൻസിംങിലേക്ക് തള്ളിയിട്ടും നശിപ്പിക്കും. ലഭിച്ച തുകക്ക് പറ്റുന്ന ദൂരം ട്രഞ്ചായിരിക്കും ഉചിതം
കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമ്മിക്കുന്നത് വനം വകുപ്പിന്റെ അശാസ്ത്രീയ തീരുമാനമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ്
കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്
Updated on

കോതമംഗലം: കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമ്മിക്കുന്നത് വനം വകുപ്പിന്റെ അശാസ്ത്രീയ തീരുമാനമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്. കീരംപാറ പഞ്ചായത്തിലെ ആന ശല്യത്തിന് പരിഹാരമായി ജനങ്ങൾ പറയുന്ന ശ്വാശ്വത പരിഹാരം പുഴ ഇറമ്പിൽ ട്രഞ്ചാണ്. എന്നിരുന്നാൽ ഇപ്പോൾ സ്ഥാപിക്കുവാൻ പോകുന്ന ഹാങ്ങിംഗ് ഫെൻസിംഗ് ഒരു ഗുണവും ചെയ്യില്ല.

പെരിയാർ പുഴയിൽ നിന്ന് ആനകൾ കയറാതെ പുഴയറമ്പിൽ കൂടി ഫെൻസിംഗ് സ്ഥാപിക്കുന്നതിന് പകരം ജനവാസ മേഖലയുടെ അതിർത്തികളിൽ കൂടി ഫെൻസിംഗ് ഇടുന്ന വിചിത്രമായ ടെൻണ്ടർ നടപടികളാണ് നമ്പാർഡിന്റെ 72 ലക്ഷം രൂപക്ക് പൂർത്തീകരിച്ച് ചെയ്യുവാൻ പോകുന്നത്. അതായത് പുഴയിൽ നിന്ന് ആനകൾ കയറി വെറും 3.5 സ്ക്വയർ കിലോമീറ്റർ മാത്രം പ്ലാന്റേഷനുള്ള, ചുറ്റുവട്ടം ആൾതാമസമുള്ള പ്രദേശം ആന താവളമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലു വില നൽകുന്ന വനം വകുപ്പിന്റെ കാടൻ തീരുമാനം നടക്കില്ലന്ന് പ്രസിഡന്റ് മാമച്ചൻ ജോസഫ് പറഞ്ഞു.

ആനകളെ തുരത്താനും, റോഡ് സൈഡ് കാടു വെട്ടാനും, സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും, രാത്രി ആനയെ ഓടിക്കാനുള്ള പടക്കം മേടിക്കാൻവരെ പഞ്ചായത്തും ജനങ്ങളും വേണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനവാസ മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കാനുള്ള ഗൂഡ നീക്കത്തെപ്പറ്റി നേരത്തെ സൂചന ലഭിച്ചപ്പോൾ തന്നെ അത് ജനോപകാരപ്രദമാകില്ലന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതാണന്നും, ഫെൻസിംഗ് ഇട്ടാൽ അത് കൃത്യമായി മെയിന്റനൻസ് ചെയ്തില്ലെങ്കിൽ മരം മറിഞ്ഞും, കമ്പുകൾ ചാടിയും, വള്ളിപ്പടർപ്പുകൾ കയറിയും നശിച്ചു പോകുമെന്നും മാമച്ചൻ പറഞ്ഞു.

ആനകൾ മരങ്ങൾ ഫെൻസിംങിലേക്ക് തള്ളിയിട്ടും നശിപ്പിക്കും. ലഭിച്ച തുകക്ക് പറ്റുന്ന ദൂരം ട്രഞ്ചായിരിക്കും ഉചിതം. ജനങ്ങൾ കാട്ടുമൃഗശല്യം മൂലം പൊറുതിമുട്ടി ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വനം വകുപ്പ് ജനങ്ങൾക്കൊപ്പം നിൽക്കാതെ മൃഗങ്ങൾക്കൊപ്പം നിൽക്കുന്ന മൃഗീയ നിലപാട് അവസാനിപ്പിക്കണമെന്നു മാമച്ചൻ ജോസഫ് അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.