വിനോദസഞ്ചാരകേന്ദ്രങ്ങൾ മാലിന്യ മുക്തമാകുന്നു

മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ, പൊതു ശുചിമുറികൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ഇവിടങ്ങളിൽ സ്ഥാപിക്കും
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ - സൗന്ദര്യവത്കരണ പദ്ധതികൾ ഒരുങ്ങുന്നു
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ - സൗന്ദര്യവത്കരണ പദ്ധതികൾ ഒരുങ്ങുന്നു
Updated on

തിരുവനന്തപുരം: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ - സൗന്ദര്യവത്കരണ പദ്ധതികൾ ഒരുങ്ങുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വ്യാപകമായി മാലിന്യ മുക്തമാക്കുകയാണ്.

ഇതിനു മുന്നോടിയായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്‍റെ അധ്യക്ഷതയിൽ ശുചിത്വ സമിതി യോഗം ചേർന്നു. ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 36 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു. കോവളം, വർക്കല ഉൾപ്പെടുന്ന ബീച്ചുകൾ, പാർക്കുകൾ, ഡാമുകൾ, മ്യൂസിയം, മൃഗശാല തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി.

ഇതിന്‍റെ ഭാഗമായി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ, പൊതു ശുചിമുറികൾ, ശരിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ബോർഡുകൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ഇവിടങ്ങളിൽ സ്ഥാപിക്കും. ‌വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും ഇത്തരം കേന്ദ്രങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

സഞ്ചാരികൾക്ക് വൃത്തിയുള്ളതും മനോഹരവുമായ വിനോദ ഇടങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്ത പൂർണമായ വിനോദസഞ്ചാര സംസ്‌കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.അടിയന്തരം, ഹ്രസ്വകാലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണു മാലിന്യ മുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, നിയമ നടപടികൾ എന്നിവ ഉൾപ്പെട്ട ബോർഡുകൾ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ഥാപിക്കുക, മാലിന്യ കുനകൾ നീക്കം ചെയ്യുക,

പൊതുശുചിമുറികൾ കേടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാക്കുക, പൊതുശുചിമുറികളോടൊപ്പം സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കുക എന്നിവയാണ് അടിയന്തര ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നിർവഹണം.മാലിന്യ സംസ്‌കരണ സംവിധാനങ്ങളെപ്പറ്റി സന്ദർശകരോട് നേരിട്ട് സംസാരിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ടൂറിസം ക്ലബുകൾ, യുവജനക്ഷേമ ബോർഡ് വോളന്‍റിയേഴ്‌സ്, എൻഎസ്എസ് യൂണിറ്റുകൾ, യുവജന സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

Trending

No stories found.

Latest News

No stories found.