കോതമംഗലം: ഇടുക്കിയുടെ നാല്പത്തിയൊന്നാമത് ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കളക്ടർ പറഞ്ഞു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയിൽ വികസനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
കളക്ട്രേറ്റിൽ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി ജ്യോതി, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. റവന്യു വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച മുൻ കളക്ടർ ഷീബ ജോർജ്ജിൽ നിന്നാണ് ചുമതലയേറ്റെടുത്തത്.
2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. തമിഴ്നാട് മധുര സ്വദേശി. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ പദവിയിൽ നിന്നാണ് ഇടുക്കിയിലേക്ക് എത്തുന്നത്.
ഭർത്താവും എറണാകുളം ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷ്, പിതാവ് കെ.ആർ. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിക് തരൂൺ എന്നിവരും വി. വിഗ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.