ജിബി സദാശിവൻ
കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെ എറണാകുളം ജംക്‌ഷൻ (സൗത്ത്) വഴി സർവീസ് നടത്തിയ വേണാട് എക്സ്പ്രസ് ഈ സ്റ്റേഷൻ ഒഴിവാക്കുമ്പോൾ ചില്ലറ ദുരിതമൊന്നുമല്ല സ്ഥിരം യാത്രാക്കാർ നേരിടുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന മെഡിക്കൽ ട്രസ്റ്റ്, ജനറൽ ആശുപത്രി, ലക്ഷ്മി ഹോസ്പിറ്റൽ, പനമ്പിള്ളി നഗർ, പാസ്പോർട്ട് ഓഫീസ്, എംജി റോഡിലെ സ്വർണ - വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർ, പനമ്പിള്ളി നഗറിലെ ഓഫീസുകളിലെ ജീവനക്കാർ അങ്ങനെ നിരവധിപ്പേരെ വലയ്ക്കുന്ന തീരുമാനമാണ് റെയിൽവേ സ്വീകരിച്ചിരിക്കുന്നത്.
വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ പകരമായി പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും ഇടയിൽ ഒരു മെമു വേണമെന്ന ന്യായമായ ആവശ്യമാണ് യാത്രക്കാർ മുന്നോട്ടു വെയ്ക്കുന്നത്. പുതിയ സമയക്രമം പ്രകാരം രാവിലെ 09.50 എന്ന ഷെഡ്യൂൾ സമയത്ത് എറണാകുളം ടൗണിൽ (നോർത്ത്) വേണാടിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരൻ മെട്രൊ സ്റ്റേഷനിലെത്തി രണ്ടു നില കയറുമ്പോൾ തന്നെ ഓഫീസ് സമയം അതിക്രമിക്കും.
തൃപ്പൂണിത്തുറയിൽ നിന്ന് മെട്രൊ പിടിച്ചാൽ പോലും സൗത്തിൽ വേണാട് എത്തിയിരുന്ന സമയത്ത് എത്താൻ കഴിയില്ല. മാത്രമല്ല, ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. മെട്രൊ കാർഡ് ഉപയോഗിച്ചാൽ തന്നെ ഒരു ദിശയിലേയ്ക്ക് 24 രൂപ വേണം തൃപ്പൂണിത്തുറയിൽ നിന്ന് ജംക്‌ഷനിലെത്താൻ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദിവസവും 48 രൂപയെന്ന വലിയ സാമ്പത്തിക ബാധ്യത തന്നെയാണ്. കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് 270 രൂപയ്ക്ക് ഒരുമാസം സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾ തൃപ്പൂണിത്തുറയിൽ നിന്ന് കേവലം ഒരു സ്റ്റേഷൻ പിന്നിടാൻ 1440 രൂപ അധികമായി കണ്ടെത്തണം.
ഉച്ചയ്ക്ക് 01.35 നുള്ള 06769 എറണാകുളം - കൊല്ലം മെമുവിന് ശേഷം 06.15 ന് മാത്രമാണ് കോട്ടയത്തേയ്ക്ക് ജംക്‌ഷനിൽ നിന്ന് ട്രെയിൻ സർവീസ് ഉണ്ടായിരിക്കൂ. നിലവിലെ മെമുവിലെ തിരക്ക് അസഹനീയമാണ്. വേണാട് ജംക്‌ഷൻ ഒഴിവാക്കുമ്പോൾ മെമുവിലെ യാത്ര കൂടുതൽ ദുരിതമാകും. 12 കോച്ചുകൾ മാത്രമുള്ള തിങ്ങി നിറഞ്ഞ മെമുവിൽ വേണാടിലെ യാത്രക്കാരെ കൂടി ഉൾക്കൊള്ളാനാവില്ല. രാവിലെ 06.58 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നരമണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. ട്രെയിനിലെ തിരക്കുകൾക്ക് അടിസ്ഥാന കാരണം ഈ ഇടവേളയാണ്. പാലരുവിക്കും വേണാടിനും ഇടയിൽ മെമു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
രാവിലെ 06.25 ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന 06444 കൊല്ലം - എറണാകുളം മെമുവിന് ശേഷം കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്കും കൂടി പുതിയ ഒരു മെമു വന്നാൽ ആശ്വാസമാകും. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് കായംകുളം കടന്നുപോയ ശേഷം 06.50 ന് കായംകുളത്ത് നിന്ന് പുറപ്പെടുന്ന വിധം ഒരു മെമുവിന്റെ സമയക്രമം ചിട്ടപ്പെടുത്തിയാൽ യാത്രക്കാർക്ക് സൗകര്യമായിരിക്കും.
വേണാടിനെ ഉൾകൊള്ളാൻ പറ്റുന്ന നീളമുള്ള 1,3 4 പ്ലാറ്റ്ഫോമുകൾ മാത്രമാണ് ജംക്‌ഷനിലുള്ളത്. പ്ലാറ്റ് ഫോം പ്രതിസന്ധിയ്‌ക്ക് പ്രധാന കാരണവും ഇതാണ്. എന്നാൽ മെമുവിന് പ്ലാറ്റ് ഫോം ദൗർലഭ്യം ബാധിക്കുന്നില്ല. 6 പ്ലാറ്റ് ഫോമുകളും പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു പ്ലാറ്റ് ഫോമിൽ 2 മെമു വരെ എറണാകുളം ജംക്‌ഷനിൽ അനുവദിക്കാറുമുണ്ട്.
എറണാകുളം ജംക്‌ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യം പരിഹരിക്കേണ്ടത് സർവീസ് നടത്തുന്ന ട്രെയിനുകൾ ഒഴിവാക്കി കൊണ്ടല്ലന്നാണ് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. ആകെ 6 പ്ലാറ്റ് ഫോമുകൾ മാത്രമുള്ളതാണ് സൗത്ത് റെയിൽവേ സ്റ്റേഷന്‍റെ പരാജയം. മാർഷേലിങ് യാർഡ് സ്റ്റേഷൻ സാധ്യമാകുന്നത് വരെ ഓരോന്നായി ഇങ്ങനെ ഒഴിവാക്കൽ തുടർന്നേക്കാം. മെട്രൊ കാണിച്ച് അടുത്തത് കൊല്ലം - എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കുമോ എന്ന ഭീതിയിലാണ് ഇപ്പോൾ യാത്രക്കാർ. അന്യസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോൾ സൗത്ത് ജംക്‌ഷനിലെ ഒരു പ്ലാറ്റ് ഫോമിന്‍റെ നീളം കൂട്ടാൻ പോലുമുള്ള ശ്രമങ്ങൾ നടക്കുന്നില്ല.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾക്ക് അടക്കം 17 പ്ലാറ്റ് ഫോമുകൾ ഉള്ളപ്പോൾ കേരളത്തിലെ പ്രധാന സർവീസുകൾ ആരംഭിക്കുന്ന ടെർമിനൽ സ്റ്റേഷനുകളായ എറണാകുളം ജംക്‌ഷൻ, കൊച്ചുവേളി, തിരുവനന്തപുരം സെൻട്രൽ എന്നിവ മൊത്തത്തിൽ ചേർത്താലെ 17 പ്ലാറ്റ് ഫോമുകൾ തികയ്ക്കാൻ സാധിക്കു. അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ കൂടുതൽ ആശ്രയിക്കുന്ന സ്ഥിരയാത്രക്കരുള്ള വേണാട് വഴി തിരിച്ചു വിടാൻ തെരഞ്ഞെടുത്ത തിയതിയും മെയ് 1 ആണ്. കനത്ത പ്രഹരമാണ് ഈ മെയ് ദിനത്തിൽ റെയിൽവേ തൊഴിലാളികൾക്ക് സമ്മാനിക്കുന്നത്. മെമുവിന്റെ റേക്ക് ലഭ്യമാകുന്നത് വരെ കാലതാമസം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.