ജിഷാ മരിയ
കൊച്ചി: സംസ്ഥാനത്തിന്‍റെ വ്യാവസായിക കേന്ദ്രമായ എറണാകുളത്തെ വൈറ്റില മൊബിലിറ്റി ഹബ്ബിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ മെട്രൊ നഗരത്തിന് തന്നെ നാണക്കേടാകും. കുണ്ടും കുഴിയും നിറഞ്ഞ് അഗാധമായ ഗര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഹബ്. നിത്യേന ആയിരക്കണക്കിന് പൊതുയാത്രാവാഹനങ്ങള്‍ കയറിയിറങ്ങുന്ന റോഡിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്. ഹബ്ബിലേക്കുളള പ്രവേശനം മുതല്‍ റോഡ് തകര്‍ന്ന നിലയിലാണ്. ബസുകള്‍ ഹബിലേക്ക് കയറുന്നത് തന്നെ പ്രയാസപ്പെട്ടാണ്. ഡ്രൈവര്‍മാരുടേയും യാത്രക്കാരുടെയും നടുവൊടിയും.
കുഴികളില്‍ വീഴാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും സാധിക്കില്ല. കുഴിയില്‍ വീഴാതിരിക്കാന്‍ സഡന്‍ ബ്രേക്കിടുമ്പോള്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇതേച്ചൊല്ലി ബഹളമുണ്ടാകുന്നതും നിത്യസംഭവമാണ്. കുഴികളൊഴിവാക്കി വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കസ് പഠിക്കേണ്ടിവരും.ഹബിനുള്ളില്‍ ബസുകള്‍ സഞ്ചരിക്കുന്ന ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്തെ ടൈലുകളും ഇളകിത്തുടങ്ങിയിട്ടുണ്ട്.
നഗരത്തിലെത്തുന്നവര്‍ക്ക് പൊതുഗതാഗത സൗകര്യങ്ങളെല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാക്കുന്നതിനായിരുന്നു മൊബിലിറ്റി ഹബിന്‍റെ നിർമാണം.
പൊതുയാത്രാ വാഹനങ്ങളല്ലാതെ മെട്രൊ സ്റ്റേഷനും വാട്ടര്‍മെട്രൊയും നിലവില്‍ ഹബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി പതിയായിരക്കണക്കിനാളുകളാണ് ദിനം പ്രതി ഹബിലെത്തുന്നത്.
ഗര്‍ഭിണികളും, പ്രായമായവരും കൊച്ചുകുട്ടികളുമായി എത്തുന്ന യാത്രക്കാരുമാണ് റോഡിലെ കുഴികളില്‍ ചാടുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത്. വാഹനങ്ങളുടെ ടയറുകള്‍ക്കും പ്ലേറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായി. പകലത്തെ കനത്ത വെയിലില്‍ പൊടി പറക്കുന്നതും മഴ പെയ്ത് ചെളിക്കുളമാകുന്നതും യാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
ഹബിലെ യാത്രാ ദുരിതത്തിന് പരിഹാരമായി സിഎസ്എംഎല്ലിന്‍റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ പുനരുദ്ധാരണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണുമെന്ന് വൈറ്റില ഡിവിഷന്‍ കൗണ്‍സിലറും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ സുനിതാ ഡിക്‌സണ്‍ പറഞ്ഞു.