സോളാർ ആക്കിയിട്ടും എറണാകുളം കലക്റ്ററേറ്റിൽ കെഎസ്ഇബി ഫ്യൂസ് ഊരി...!

സോളാർ സംവിധാനം വൃത്തിയാക്കാത്തതിനാൽ പ്രവർത്തനരഹിതം; കലക്റ്ററേറ്റിലെ വൈദ്യുതി മുടക്കം ചർച്ചയിൽ
എറണാകുളം കലക്റ്ററേറ്റ്
എറണാകുളം കലക്റ്ററേറ്റ്
Updated on

കൊച്ചി: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടര്‍ന്ന് എറണാകുളം കലക്റ്ററേറ്റിലെത്തിയ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. എന്നാൽ, 2016ൽ സമ്പൂർണമായി സോളാറിലേക്കു മാറിയ സർക്കാർ ഓഫിസാണിത്. എന്നിട്ടും ഇവിടെ കെഎസ്ഇബി വൈദ്യുതി ഉപയോഗിച്ചായിരുന്നു പ്രവർത്തനം എന്നാണ് ഫ്യൂസ് ഊരിയതിലൂടെ വ്യക്തമാകുന്നത്.

കലക്റ്ററേറ്റിലെ 30 ഓഫീസുകളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. അഞ്ച് മാസത്തെ ബിൽ കുടിശികയായ 42 ലക്ഷം രൂപ അടയ്ക്കാത്തതാണ് ഫ്യൂസ് ഊരാൻ കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. കറന്‍റില്ലാത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ സാഹചര്യത്തിലാണ് ഇവിടത്തെ സോളാർ സംവിധാനം വീണ്ടും ചർച്ചയാകുന്നത്.

ഏഴു വർഷം മുൻപ് ഒന്നരക്കോടി രൂപ മുടക്കിയാണ് എറണാകുളം കലക്റ്റേറ്റ് സൗരോർജത്തിലേക്കു മാറിയത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനവും ഇതെക്കുറിച്ച് വാർത്തകളുമെല്ലാം അന്നുണ്ടായിരുന്നു. അറുപത് കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ ശേഷിയള്ളതാണ് ഇവിടെ സ്ഥാപിച്ച സൗരോർജ സംവിധാനം. കലക്റ്റേറ്റിലെ മുഴുവൻ വൈദ്യുതി ആവശ്യത്തിനും ഇതു തികയുമെന്നായിരുന്നു അന്നത്തെ അവകാശവാദം.

എന്നാൽ, ഈ സംവിധാനം ഇപ്പോൾ തീർത്തും പ്രവർത്തനക്ഷമമല്ല. സോളാർ പാനലുകളിൽ പൊടി പിടിച്ചത് വൃത്തിയാക്കാത്തതാണ് തകരാറിനു കാരണമെന്നും പറയുന്നു!

ഫലം, സോളാർ വൈദ്യുതിക്കു വേണ്ടി മുടക്കിയ, പൊതുജനങ്ങളുടെ ഒന്നരക്കോടി രൂപ പാഴായി. വീണ്ടും കെഎസ്ഇബിയെ ആശ്രയിക്കുമ്പോൾ ലക്ഷക്കണക്കിനു രൂപ മാസാമാസം ബില്ലും വരുന്നു. ഇപ്പോൾ റവന്യൂ വിഭാഗത്തിനു മാത്രം ഇവിടെ 7,19,554 രൂപ കറന്‍റ് ചാർജ് കുടിശികയാണ്. ഡെപ്യൂട്ടി എജ്യുക്കേഷൻ ഓഫിസിന് 92,933 രൂപയാണ് കുടിശിക. മൈനിങ് ആൻഡ് ജിയോളജി, ലേബര്‍ ഓഫിസ്, ഓഡിറ്റ് ഓഫിസ് എന്നിവിടങ്ങളിലെല്ലാം കുടിശികയുണ്ട്.

Trending

No stories found.

Latest News

No stories found.