ചാലക്കുടി: ആനമല അന്തര്‍ സംസ്ഥാന പാതയില്‍ ഒറ്റയാന്‍ കബാലിക്കു മുന്‍പില്‍ അഭ്യാസം കാണിച്ച് പ്രകോപനമുണ്ടാക്കിയ യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം തൈവളപ്പിൻ ഷബീർ (38) ആണ് പിടിയിലായത്.
ചാലക്കുടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് യുവാവിന്‍റെ ചിത്രങ്ങളും ഇയാൾ സഞ്ചരിച്ച കാറും കേന്ദ്രീകരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
അമ്പലപ്പാറ ഗേറ്റിനു സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അമ്പലപ്പാറ ഗേറ്റ് കഴിഞ്ഞ് പെന്‍സ്റ്റോക്കിന് മുന്‍പായി വനത്തില്‍ നിന്നു കബാലി വാഹനങ്ങൾക്ക് മുന്‍പിലേക്ക് ഇറങ്ങി വരികയായിരുന്നു.
ആന റോഡില്‍ വാഹനങ്ങള്‍ക്ക് തടസമായി നില്‍ക്കുന്നത് കണ്ട് വിനോദ സഞ്ചാരിയായ യുവാവ് ഒറ്റയാനു മുന്നിലേക്കു വന്നു. അടുത്ത് വരെ എത്തി ആനയെ പ്രകോപിക്കാന്‍ ശ്രമിച്ചതോടെ ആന യുവാവിനെതിരെ തിരിയുകയായിരുന്നു.യുവാവ് ഓടി രക്ഷപെട്ടതോടെ ആന കാര്‍ കുത്തി മറിക്കുവാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും മറ്റും ബഹളം വെച്ച് ആനയെ പിന്തിരിപ്പിച്ചു.
മറ്റുള്ളവരുടെ ജീവന് ഭീഷണിയാക്കുന്ന തരത്തിൽ പെരുമാറിയതിനും ആനയെ പ്രകോപ്പിച്ചതിനുമാണ് ഇയാൾക്കെതിരേ ചാർപ്പ റേഞ്ചിലെ കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പിനു ശേഷം പ്രതിയെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.