ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവ് നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് യുവമോർച്ച. ഞായറാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ ഉദ്ഘാടനം ചെയ്യും.
പ്രതിക്കെതിരേ കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധി നിരാശപ്പെടുത്തുന്നതായിരുന്നു.