ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ പൊലീസ് ആഘോഷപൂർവം തുറന്ന പ്രീപെയ്ഡ് കൗണ്ടർ നോക്കുകുത്തിയായി. പകൽ സമയങ്ങളിൽ മാത്രമാണ് കൗണ്ടറിന്‍റെ പ്രവർത്തനം. വൈകുന്നേരമായാൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ഇഷ്ടം പോലെയാണ് വാടകയും ഓട്ടവും. ഓട്ടോറിക്ഷകൾ ഹ്രസ്വദൂരയാത്രക്കാരെ അവഗണിക്കുന്നതായും പരാതി വ്യാപകമാണ്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ യൂത്ത് കോൺഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫറിനും കുടുംബത്തിനും ദുരനുഭവം ഉണ്ടായി. കൈക്കുഞ്ഞുമായി വന്ന കുടുംബത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള കൊച്ചിൻ ബാങ്ക് സ്റ്റോപ്പിലേക്ക് ഓട്ടം പോകാൻ ആരും തയാറായില്ല. ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഓട്ടോറിക്ഷ ലഭിച്ചത്.
നേരത്തെ മുതൽ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രീപെയ്ഡ് ബൂത്ത് സ്ഥാപിച്ചത്. കുറച്ചുനാൾ പ്രവർത്തിച്ച ശേഷം നിലയ്ക്കുകയാണ് പതിവ്. കഴിഞ്ഞ വർഷം ബൂത്ത് പുനരാരംഭിച്ചെങ്കിലും പകൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സേവനത്തിന് രണ്ട് രൂപ യാത്രക്കാരിൽ നിന്ന് വാങ്ങുന്നുണ്ട്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവർമാർ ചേർന്ന് നിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്. യൂണിയന്‍റെ പിൻബലം ഉള്ളതിനാൽ ചോദ്യം ചെയ്യുന്നവരെ അപമാനിക്കുന്നതായും പരാതിയുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളെ യാത്രക്കാരായി ലഭിക്കാനാണ് ഡ്രൈവർമാർക്ക് താത്പര്യം. പെരുമ്പാവൂർ മേഖലയിലേക്ക് കൊണ്ടു പോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതൽ 1000 രൂപ വരെ ഒരാളിൽ നിന്നു വാങ്ങും.
ഓട്ടോറിക്ഷയിൽ കയറിയ തന്നെയും കുടുംബത്തേയും ഇറക്കിവിട്ടതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഭാര്യയും സഹോദരിയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു.