മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ യൂണിറ്റ് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി. വെള്ളിയാഴ്ച 75 കിലോ കഞ്ചാവും മറ്റു മയക്കു മരുന്ന് സാമഗ്രികളും കണ്ടെടുത്തു. ഏകദേശം 1.75 കോടി രൂപ വിലമതിക്കുന്നതാണ് ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സഹായികളെ അന്വേഷിക്കുകയാണെന്നും അധികം വൈകാതെ അവരും പിടിയിൽ ആകുമെന്നും എൻസിബി അറിയിച്ചു.
മയക്കു മരുന്ന് കൂടാതെ 1.18 ലക്ഷം രൂപ ക്യാഷും എൻസിബി പിടിച്ചെടുത്തു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളായ മനീഷ് പി, ആകാശ് പി, രാജ് കെ, മോഹനീഷ് എസ്, സണ്ണി ജെ എന്നിവർ ഭിവണ്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ എൻസിബി പിടികൂടുക ആയിരുന്നു.
വാഹന പരിശോധനയിൽ ട്രാവൽ ബാഗുകൾ, ട്രോളി ബാഗുകൾ, ഗണ്ണി ബാഗുകൾ എന്നിവയിൽ നിന്നാണ് 75 കിലോ കഞ്ചാവ് കണ്ടെടുത്തത്.