മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയിൽ നാല് മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിൽ നിന്നും പൂനെ നാസിക് എന്നിവിടങ്ങളിൽ നിന്നും ജില്ലാ തല നേതാക്കൾ പാർട്ടി വിട്ടിരുന്നു. എന്നാൽ ഇപ്രാവശ്യം മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിൽ നിന്നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിൽ നിന്ന് നാല് പ്രമുഖ നേതാക്കൾ രാജിവച്ചത്. ഈ നേതാക്കൾ ഈ ആഴ്ച അവസാനം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ സി പി യിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
രാജിവെച്ചവരിൽ എൻസിപിയുടെ പിംപ്രി-ചിഞ്ച്വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും ഉൾപ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡന്റ്സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നതായി മറാത്തി പത്രം റിപ്പോർട്ട് ചെയ്യുന്നു.
അജിത് പവാർ ക്യാമ്പിലെ ചില എം എൽ എ മാർ ശരദ് പവാറിന്റെ പക്ഷത്തേക്ക് തിരിച്ചുവരാൻ ആലോചിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് രാജി. ഭോസാരി മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ഗവ്ഹാനെ തുറന്ന് പറഞ്ഞിരുന്നു.
അജിത് പവാറിന്റെ ഗ്രൂപ്പ് നിലവിൽ ഭാരതീയ ജനതാ പാർട്ടിയുമായും (ബിജെപി) മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായും സഖ്യത്തിലായതിനാൽ, ഭോസാരി സീറ്റ് നിലവിൽ ബിജെപിയുടെ മഹേഷിന്റെ കൈവശമുള്ളതിനാൽ എൻസിപിക്ക് അനുവദിക്കാൻ സാധ്യതയില്ല.അജിത് പവാറിൽ നിന്ന് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ താൻ ശരദ് പവാറിന്റെ വിഭാഗത്തിൽ ചേരുമെന്ന് ഗവ്ഹാനെ നേരത്തെ സൂചിപ്പിച്ചിരുന്നു.