മുംബൈ: ഇരുപത്തൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴും പത്തും വയസുള്ള കുട്ടികൾ ഉൾപ്പെടെ നാലു പേരെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാർമസി വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ അഞ്ച് പേരുകളും എഴുതിവച്ചിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്ത്, 7, 10, 17, 19 എന്നിങ്ങനെ പ്രായമുള്ള ഇയാളുടെ നാല് സഹോദരിമാർ എന്നിവരുടേതായിരുന്നു പേരുകൾ. ഇതിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മരിച്ച അദിതി നങ്നൂറും പ്രതികളും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. അദിതിയുടെ വൺവേ പ്രണയമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
12 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ, ഏഴും പത്തും വയസുള്ള കുട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും പൊലീസ് അറിയിച്ചു.
ആത്മഹത്യാക്കുറിപ്പിലെ പേരുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കുറിപ്പിൽ പേരുകളല്ലാതെ ഇവരുടെ പ്രായം ഉണ്ടായിരുന്നില്ല. പ്രായം വ്യക്തമായ സാഹചര്യത്തിലാണ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷമാണ് അദിതി ആത്മഹത്യ ചെയ്യുന്നത്. ഇയാൾ മറ്റുള്ളവരെയും കൂട്ടി സ്ഥലത്തെത്തി ഫ്ളാറ്റിന്‍റെ വാതിൽ തകർത്ത് അകത്തു കയറുമ്പോൾ അദിതി തൂങ്ങി നിൽക്കുകയായിരുന്നു. അദിതിയുടെ മാതാപിതാക്കളും സഹോദരിയും സ്ഥലത്തുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സ്ഥിരീകരിക്കുകയായിരുന്നു.