സമൃദ്ധി എക്സ്പ്രസ്‌വേയിൽ അപകട സമൃദ്ധി: 100 ദിവസത്തിനിടെ 900 അപകടം

മാർച്ച് വരെയുള്ള കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്
സമൃദ്ധി എക്സ്പ്രസ്‌വേയിൽ അപകട സമൃദ്ധി: 100 ദിവസത്തിനിടെ 900 അപകടം
Updated on

നാഗ്‌പുർ: വിദർഭ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് ഹിന്ദു ഹൃദയസമ്രാട്ട് ബാലാസാഹെബ് സമൃദ്ധി മഹാമാർഗ് എന്ന എക്സ്പ്രസ്‌വേ. സമൃദ്ധി മഹാമാർഗിലൂടെ വിദർഭ സമൃദ്ധമാകുമോ എന്നു പറയാറായിട്ടില്ല. എന്നാൽ, അപകടങ്ങൾ സമൃദ്ധമാണിവിടെ. ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ ഇവിടെ 900 അപകടങ്ങൾ നടന്നു. 31 മനുഷ്യജീവനുകൾ പൊലിഞ്ഞു. വന്യജീവി സങ്കേതത്തിലൂടെയുള്ള പാതയിൽ വാഹനങ്ങളിടിച്ച് ചത്തുവീണ കാട്ടുമൃഗങ്ങളുടെ കണക്ക് ഇനിയും എടുക്കാനിരിക്കുന്നതേയുള്ളൂ.

2022 ഡിസംബർ 11നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൃദ്ധി മഹാമാർഗ് ഉദ്ഘാടനം ചെയ്യുന്നത്. മുംബൈയെയും നാഗ്‌പുരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാതയാണിത്. ഇവിടെ മാർച്ച് വരെയുള്ള അപകടങ്ങളുടെ കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 46 ശതമാനത്തിനും കാരണം സാങ്കേതികമായ പ്രശ്നങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. 26 ശതമാനം ടയറുകളുടെ കുഴപ്പംകൊണ്ടും.

വന്യമൃഗങ്ങളെ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എക്സ്പ്രസ്‌വേയിൽ പ്രവേശിക്കുന്ന സമയത്തു തന്നെ ഡ്രൈവർമാർക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നൽകുകയാണ് അധികൃതർ ഇപ്പോൾ ചെയ്യുന്നത്. എട്ട് എൻട്രി പോയിന്‍റുകളിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അതല്ലാതെ, വന്യമൃഗങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ അടിപ്പാത നിർമിക്കുകയോ, അവ റോഡിലേക്കു കടക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാൻ നടപടികളില്ല.

അമിതവേഗത്തിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി കൗൺസിലിങ് സെന്‍ററുകൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഡ്രൈവർമാർക്ക് ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകും. റോഡ് സുരക്ഷയ്ക്കുള്ള ബോർഡുകൾ എക്സ്പ്രസ്‌വേയുടെ വശങ്ങളിൽ സ്ഥാപിക്കും. ടയറുകളുടെ നിലവാരം ഉറപ്പാക്കാനും ഡ്രൈവർമാരെ ഉപദേശിക്കും.

Trending

No stories found.

Latest News

No stories found.