മുംബൈ: ആരാധകരുടെ പ്രാർത്ഥനക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടൻ ഗോവിന്ദ. സ്വന്തം റിവോൾവറിൽ നിന്ന് രാവിലെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റത്. ഉടൻ തന്നെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിന്‍റെ വസതിയിൽ 4:45 നായിരുന്നു സംഭവം.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽനിന്ന് തന്‍റെ വക്താവ് വഴി അയച്ച വോയ്‌സ് ക്ലിപ്പിലാണ് താൻ സുഖമായിരിക്കുന്നുവെന്നും ആരാധകരുടെ പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചത്. കൃത്യസമയത്ത് നൽകിയ സഹായത്തിനും പരിചരണത്തിനും ഡോക്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു.