മുംബൈ: അഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് ട്രെയിൻ 160 കിലോമീറ്റർ വേഗതയിൽ ഓടി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.നിലവിലെ യാത്രാസമയം 5.25 മണിക്കൂറിൽ നിന്ന് 4.45 മണിക്കൂറായി കുറയുമെന്ന് പശ്ചിമ റെയിൽവേയിലെ (ഡബ്ല്യുആർ) ഉന്നത വൃത്തങ്ങൾ അറിയിച്ചു. തിരക്കേറിയ ഈ റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. മുംബൈ-വഡോദര-ഡൽഹി റൂട്ട് ലക്ഷ്യമിടുന്ന മിഷൻ റാഫ്താറിന്റെ ഭാഗമാണ് ഈ പദ്ധതി. ഈ ട്രാക്ക് വഡോദരയിൽ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നു.
ജൂലൈയിലെ രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷം സർവീസ് ആരംഭിക്കാൻ റെയിൽവേയ്ക്ക് ഏകദേശം നാല് മാസത്തെ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ മുതൽ ഈ പുതിയ സമയ ക്രമം ആകുമെന്നും അധികൃതർ പറഞ്ഞു. ഇപ്പോഴത്തെ സമയ ക്രമം അനുസരിച്ച് അഹമ്മദാബാദിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിൻ 11.35 നാണ് മുംബൈയിൽ എത്തുക. പുതിയ വേഗത പ്രാബല്യത്തിൽ വന്നാൽ, യാത്രാ സമയം 45 മിനിറ്റ് കുറയും, രാവിലെ 10.50 ഓടെ യാത്രക്കാരെ മുംബൈയിൽ എത്തിക്കും.