മുംബൈ: അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിൽ നിന്നും വാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് നിരവധി പേർക്ക് കണ്ണിന് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ചോർച്ചയുണ്ടായത്. രാത്രി 11 മണിക്ക് ശേഷമാണ് വാതകം പടരാൻ തുടങ്ങിയത്. രാത്രി 11:45 ആയപ്പോഴേക്കും ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുക റെയിൽവേ ട്രാക്കുകളെയും മൂടിയതായി പ്രദേശ വാസികൾ പറഞ്ഞു. ഹൈഡ്രോക്ലോറിക് ആസിഡ്, ഫോസ്ഫറസ് ട്രൈക്ലോറൈഡ്, ഫോസ്ഫറസ് പെന്‍റോക്സൈഡ് എന്നിവ കൈകാര്യം ചെയ്യുന്ന നികാകേം പ്രൊഡക്ട്സ് എന്ന കമ്പനിയിലാണ് ചോർച്ചയുണ്ടായത്.
എംഐഡിസി അംബർനാഥിലെ നികാകേമിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്. ഇത് ഒന്നര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ സ്ഥിതി നിയന്ത്രണവിധേയമാക്കി.
പരിക്കുകളോ മറ്റോ ഉണ്ടായിട്ടില്ലെന്ന് സംഭവസ്ഥലത്തെ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം പുകമഞ്ഞിന് സമാനമായ അന്തരീക്ഷം നിലനിന്നതോടെ പ്രദേശത്തു പരിഭ്രാന്തി പരത്തിയിരുന്നു.