മുംബൈ: ആൻവി വീണ സ്ഥലം വളരെ അപകടകരമാണെന്ന് മാൻഗാവ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ നിവൃത്തി ബോർഹാഡെ. പൂനെ-മാൻഗാവ് റോഡിലെ നിസാംപൂർ ഗ്രാമത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് കുംഭെ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് റീലിസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് വ്ലോഗർ ആൻവി കാംദാർ ദാരുണമായി മരണമടയുകയായിരുന്നു.
മലാഡിൽ താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റായ കാംദാർ മൺസൂൺ ടൂറിസത്തെ കുറിച്ച് നിരന്തരം റീലുകൾ ഉണ്ടാക്കിയിരുന്നു. ജൂലൈ 16 ന് ഏഴ് സുഹൃത്തുക്കളോടൊപ്പം മുംബൈയിൽ നിന്നും വെള്ള ചാട്ടം സന്ദർശിക്കാൻ പോയതിനിടെയാണ് അപകടം നടന്നത്. വാരാന്ത്യത്തിൽ സന്ദർശിക്കാൻ ചെലവുകുറഞ്ഞ സ്ഥലങ്ങളെ കുറിച്ചുള്ളതായിരുന്നു ട്രാവൽ വ്ലോഗർ ആൻവി കാംദാർ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ. 2,56,000 ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാമിലെ @theglocaljournal എന്ന ഹാൻഡിലിലൂടെയാണ് തന്റെ ട്രാവൽ വീഡിയോസ് പങ്കുവച്ചിരുന്നത്. ആൻവിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ 'അസോസിയേറ്റ് കമ്മ്യൂണിറ്റി മാനേജർ' എന്നായിരുന്നു നൽകിയിട്ടുള്ളത്.
“സുഹൃത്തുക്കൾ പരസ്പരം ഫോട്ടോകൾ ക്ലിക്കുചെയ്‌ത് ഒന്നിനുപുറകെ ഒന്നായി നടക്കുകയായിരുന്നു. പകൽ സമയമാണെങ്കിലും കനത്ത മഴ പെയ്തതിനാൽ വിനോദസഞ്ചാരികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. കാംദാർ വീണു നിലവിളിച്ചപ്പോൾ, ഗ്രാമീണനാണ് കണ്ടെത്താൻ സഹായിച്ചത്. ഞങ്ങൾ റെസ്‌ക്യൂ ടീമിനെകൊണ്ടുവന്നെങ്കിലും ഞങ്ങൾ സംഭവസ്ഥലത്തെത്താൻ ഒരു മണിക്കൂറോളം എടുത്തു. രാവിലെ 11 മണിയോടെയാണ് സംഭവം, ഏകദേശം 12.15 ഓടെ ഞങ്ങൾ എത്തി. തുടർന്ന് രക്ഷാസംഘം റാപ്പലിങ്ങിന് ഇറങ്ങിയെങ്കിലും വൈകിട്ട് 4.30ഓടെ മാത്രമേ അവരെ പുറത്തെടുക്കാൻ ആയുള്ളൂ". ബോർഹാഡെ പറഞ്ഞു.