കോൺഗ്രസ് മഹാരാഷ്ട്രയിൽ പഴയ പ്രതാപം വീണ്ടെടുക്കും: അശോക് ചവാൻ

സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചവാന്‍റെ പ്രഖ്യാപനം
Ashok Chavan
Ashok Chavan
Updated on

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ. സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചവാൻ ഇക്കാര്യം വ്യക്തമാക്കിയത്. 'മഹാരാഷ്ട്രയിലെ ജനങ്ങൾ കോൺഗ്രസിന്‌ എക്കാലവും പിന്തുണ നൽകിയിട്ടുണ്ട്. ഇപ്പോൾ പാർട്ടിയിൽ പ്രതീക്ഷ അർപ്പിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ പഴയ പ്രതാപം വീണ്ടെടുക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കോൺഗ്രസിന് പുതിയ ഉത്തരവാദിത്വവും സ്ഥാനവുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ പാർട്ടി നേതൃത്വം തന്നെ മുൻ കൈയ്യെടുക്കുന്നു.'ചവാൻ പറഞ്ഞു. അതേസമയം സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവിനെക്കുറിച്ച് പ്രതികരിക്കാനോ ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ചകളോ നടന്നതായോ വെളിപ്പെടുത്താനോ ചവാൻ വിസമ്മതിച്ചു.

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ‌സി‌പി) ഒരു വിഭാഗം ദേശീയ ജനാധിപത്യ സഖ്യവുമായി (എൻ‌ഡി‌എ) കൈകോർത്തതിന് ശേഷം, മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി കോൺഗ്രസ് ഉയർന്നുവരുകയും പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. നിലവിലെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) പ്രസിഡന്‍റ് നാനാ പടോലെ ഉൾപ്പെടെ അഞ്ച് പേരെങ്കിലും ഈ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് നടന്ന യോഗത്തിൽ മഹാരാഷ്ട്രയുടെ എഐസിസി ചുമതലയുള്ള എച്ച്‌കെ പാട്ടീൽ, പിസിസി അധ്യക്ഷൻ നാനാ പടോലെ, മുതിർന്ന പാർട്ടി നേതാക്കളായ സുശീൽകുമാർ ഷിൻഡെ, പൃഥ്വിരാജ് ചവാൻ,അശോക് ചവാൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ വിഷയം യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എൻസിപി പിളർപ്പിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാർട്ടിയുടെ സാധ്യതകളെ അത് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും മാത്രമാണ് ചർച്ച ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.