താനെ: മുംബെയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി മലയാളികളുടെ യാത്രാദുരിതം കേന്ദ്ര റെയിൽവേ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്താൻ ആൾ താനെ മലയാളി അസ്സോസിയേഷൻ (ആത്മ) പ്രസിഡന്‍റ് ശശികുമാർ നായരുടെ നേതത്വത്തിൽ ബുധനാഴ്ച താനെ ലോക് സഭ എംപി നരേഷ് മസ്കെക്കു വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി.
ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുന്ന എൽടിടി - കൊച്ചുവേളി 22113/14 എക്സ്പ്രസ്സ് പ്രതിദിന സർവ്വീസായി ഉയർത്തുക; എൽടിടി - എറണാകുളം തുരന്തോ എക്സ്പ്രസ്സിന് താനെയിൽ സ്റ്റോപ്പ് അനുവദിക്കുകയും, സർവ്വീസ് കൊച്ചുവേളി വരെ ദീർഘിപ്പിക്കുക, അടുത്തു വരുന്ന ശബരിമല, ക്രിസ്മസ് സീസൺ കണക്കിലെടുത്തു തിരക്കു കുറയ്ക്കാൻ എൽടിടി യിൽ നിന്നും കൊച്ചുവേളിയിലേക്കുആഴ്ചയിൽ രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ റെയിൽവേ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രവാസി മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും, അടുത്ത ആഴ്ച മധ്യ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കാണാമെന്നു നരേഷ് മസ്കെ ഉറപ്പു നൽകിയതായി ആത്മാ പ്രസിഡന്‍റ് ശശികുമാർ നായർ അറിയിച്ചു