അഡ്വ മാത്യു ആന്‍റണി
(പ്രസിഡന്‍റ്, എഐപിസി, മുംബൈ ഘടകം)
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും ആദരാഞ്ജലി അർപ്പിക്കാനും പോകുന്നവർ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. എന്തിനാണവിടെ പോകുന്നതെന്ന് അടിസ്ഥാന കാര്യം പോലും മറന്നുകൊണ്ടുള്ള പെരുമാറ്റം പല മരണവീടുകളിലും കാണാറുണ്ട്. സന്ദർശനോദ്ദേശ്യം തിരിച്ചറിയുക എന്നതു തന്നെയാണ് ആദ്യം വേണ്ടത്.
മരിച്ച വ്യക്തിയോടുള്ള കടപ്പാട്, സ്‌നേഹം, ബഹുമാനം, ബന്ധം എന്നിവയിൽ ഏതെങ്കിലുമാവാം മരണവീട് സന്ദർശിക്കാനുള്ള കാരണം. അല്ലെങ്കിൽ ആ വ്യക്തിയോട് ചേർന്നു നിൽക്കുന്ന ആരോടെങ്കിലും നമുക്കു സമാന രീതിയിൽ ഉള്ള അടുപ്പമുണ്ടാവാം.
ഒട്ടുമിക്ക അവസരങ്ങളിലും അവരോടു ചേർന്നു നിൽക്കുന്ന അയൽക്കാരോ, അല്ലെങ്കിൽ ബന്ധുജനങ്ങളോ, അടുത്തു ചേർന്നു വർഷങ്ങളായി പ്രവർത്തിച്ചവരോ, അവിടെ വേണ്ട കാര്യങ്ങൾ മുൻകൈ എടുത്തു ചെയ്തു കൊടുക്കും. മൃതദേഹം ദർശനത്തിന് വച്ചിരിക്കുന്ന ഇടത്തിൽ, മൃതദേഹത്തിന്‍റെ മുൻപിൽ ഒരു ദുഃഖ മുഖം കാണിച്ചു നിന്നിട്ട്, പുറത്തിറങ്ങിയ ഉടനെ പുഞ്ചിരി തൂകി നെറ്റ് വർക്കിങ് വേലയിൽ ഏർപ്പെടാതിരിക്കുക. അത്യാവശ്യമെങ്കിൽ, അൽപ്പം കാണാമറയത്ത് നിന്നാകാം; ഒഴിവാക്കുന്നതു തന്നെയാണ് സാഹചര്യത്തിന് അനുയോജ്യം.
മൃതദേഹത്തിന്‍റെ അരികിൽ നിന്നും, അവരുടെ വിയോഗത്തിൽ ദുഃഖാർത്തരായ ബന്ധുക്കളോടൊപ്പവും മറ്റും സെൽഫിയും ഫോട്ടോയും മറ്റും എടുക്കുന്ന പ്രവണത വർധിച്ചു വരുകയാണ്. ഇത് പൂർണമായും ഒഴിവാക്കേണ്ടതു തന്നെയാണ്.
മരിച്ച് ഏതെങ്കിലുംപ്രഗൽഭ വ്യക്തിയോ നേതാവോ മറ്റോ ആണെങ്കിൽ, ആ മൃതദേഹവുമായുള്ള വിലാപയാത്രയിൽ, ആ വ്യക്തിയോട് ഏറ്റവും അടുപ്പമുള്ള ആളുകൾ മാത്രം, വ്യക്തിയുടെ കുടുംബാഗങ്ങളോടു ചേർന്നു നിന്നു കാര്യങ്ങൾ നടത്താൻ അനുവദിക്കുക. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുന്നതാണ് സാഹചര്യത്തിന് നല്ലത്. ഇതിനെ സ്വന്തം പ്രൊഫൈൽ വിസിബിൾ ആക്കി എടുക്കാനുള്ള അവസരമാക്കി മാറ്റാൻ ശ്രമിക്കരുത്.
അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്ന മനുഷ്യ മനസ്സിന്‍റെ ചിന്താഗതി മാറ്റിയെടുക്കേണ്ടതു സമൂഹത്തിന്‍റെ അനിവാര്യതയായി മാറിക്കഴിഞ്ഞു. നമ്മൾ ഒത്തുചേർന്ന് കൂടിയിരിക്കുന്നത് ഒരു വ്യക്തിയോട് അവർ വിട പറയുന്ന അവസരത്തിൽ നമ്മുടെ അനുശോചനവും ബഹുമാനവും നൽകി വിട പറയാനാണ്. നമ്മുടെ വ്യക്തിപരമായ പ്രൊഫൈൽ വലുതാക്കാനുള്ള അവസരമല്ല എന്നു സ്വയം മനസിലാക്കുക .
മരിച്ചു കിടക്കുന്ന വ്യക്തിയെ കാണാൻ വരുന്ന പ്രഗൽഭ, പ്രശസ്‌ത വ്യക്തികളുടെ കൂടെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതും തീർത്തും അനൗചിത്യമായിരിക്കും. പ്രശസ്ത വ്യക്തികളും ഇതിനെ ഒരു ഫോട്ടോ ഓപ്പ് ആയി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
ക്യാമറ ഉപയോഗത്തിന് അനുമതിയോ ചെലവോ ആവശ്യമില്ലാത്തതുകൊണ്ട്, അനവസരത്തിലുള്ള ഉപയോഗമോ, ഔചിത്യമില്ലായ്‌മോ, അതിന്‍റെ ഉപയോഗത്തിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കണം. പരമാവധി ഉപയോഗം കുറയ്ക്കുന്നതാണ് ഉചിതം.
ചടങ്ങിൽ മേൽനോട്ടക്കാരായി നിൽക്കുന്ന ചിലർ , എല്ലാ ശ്രദ്ധയും അവരിലേക്ക് ആകർഷിക്കുന്ന വിധത്തിൽ ശബ്ദം വെയ്ക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. അവരും മനസിലാക്കി പ്രവർത്തിക്കുന്ന അവസ്ഥ വളരെ നന്നായിരിക്കും. ശബ്ദം താഴ്ത്തി സന്ദേശങ്ങൾ കൈ മാറുക, ആംഗ്യ ഭാഷയിൽ സംസാരിക്കുക, എസ്എംഎസ്, വാട്‌സ്ആപ്പ് മുതലായവ ഉപയോഗിക്കുക.
എല്ലാവരും പൊതുവെ വിഐപി പരിഗണനയാണ് ആഗ്രഹിക്കുന്നത്. പ്രധാന സ്ഥലത്ത് ഇരിപ്പിടവും പ്രതീക്ഷിക്കും. എന്നാൽ, ഒരു സാധാരണ ക്യു പാലിച്ചു സ്വയം നിയന്ത്രിക്കുക എന്നുള്ളത്, മരിച്ചു കിടക്കുന്ന വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ബഹുമാനമാണ്. ഈ പ്രവർത്തി വഴി, പരമാവധി പേർക്ക് അന്ത്യോപചാരം അർപ്പിക്കാൻ സാധിക്കും.
മണ്ണിൽ നിന്നുംവന്നു മണ്ണിലേക്കു മടങ്ങുന്ന തുല്യതയിലേക്ക് നമ്മളെ കണ്ണു തുറപ്പിക്കുന്ന അനുഭവമാണ് മരണം. അവിടെ നമുക്ക് അല്പം സാവധാനം ആയിക്കൂടേ, ഒരു സാധാരണക്കാരനായി അല്പനേരം ജീവിച്ചു കൂടേ. അധികാരവും അകമ്പടി സേവകരും കൂടി വന്നു തിക്കും തിരക്കും കൂട്ടാനുള്ള അവസരമാണോ ഇത് എന്നു ചിന്തിക്കുക.
എളിമയുടെ രാഷ്ട്രീയം ജീവിച്ചു മണ്മറഞ്ഞ പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു മടങ്ങുമ്പോൾ കണ്ട കാഴ്ചകളിൽ നിന്നും, കേട്ട ചോദ്യങ്ങളിൽ നിന്നുമുണ്ടായതാണ് ഈ കുറിപ്പ്. കഴിഞ്ഞ ബുധനാഴ്‌ച വൈകി ബോംബെയിൽ നിന്നു സാറിന്‍റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. വ്യാഴം രാവിലെ പതിനൊന്നു മണിയോടെ സാറിന്‍റെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. അവിടെ നിറയെ ആൾക്കൂട്ടമായിരുന്നു. വീടിന്‍റെ തെക്കേ വശത്ത്, പുറത്തേക്കിറങ്ങുന്ന വാതിൽപ്പടിയിൽ കടലാസിട്ട് ഇരുന്നു.
ആറു മണി വരെ ആ ഇരിപ്പ് തുടർന്നു. ഒരുപാട് തിരക്കിനിടയിൽ സാറിന്‍റെ ഭൗതിക ശരീരമെടുത്ത് വീട്ടിലെ മുറിയിൽ കിടത്തുന്നത് കണ്ടു. അതിനു ശേഷം, സാറിന്‍റെ മകൻ ചാണ്ടി ഉമ്മൻ പുറത്തേക്കു വന്നപ്പോൾ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. വീണ്ടും ആ ആൾക്കൂട്ടത്തിലേക്ക്, സാറിനോടുള്ള ആദരവും ബഹുമാനവും നൽകി മടങ്ങി.
ഉമ്മൻ ചാണ്ടി സാറിനോട് കേരള ജനത്തിനുള്ള ബഹുമാനമായിരുന്നു ആ വിടപറയൽ. അകമഴിഞ്ഞ സ്നേഹവിതുമ്പലായിരുന്നു. കുറച്ചു പേർ അതിനിടയിൽ ഫോട്ടോകൾ ആവശ്യപ്പെട്ട് മെസേജ് അയച്ചു. ദേഷ്യമാണ് ആദ്യം തോന്നിയത്.
പിന്നെ ചിന്തിച്ചു നോക്കിയപ്പോൾ, പലയിടങ്ങളിലും പല മരണങ്ങളും ചൂഷണം ചെയ്യപ്പെടുമ്പോഴും മനസ്സിൽ അമർഷം അടിച്ചമർത്തി ഒരു ബാലൻസ് നിലനിർത്താൻ ശ്രമിക്കുന്ന നമ്മളെ, നാം തന്നെ വെറുക്കുന്ന ഒരവസ്ത വന്നു ചേരുന്നതായി തോന്നി തുടങ്ങിയപ്പോൾ ഇതു കുറിച്ചു.
മരണം ഒരു വ്യക്തിയുടെ വേർപാടാണ്.
ആ വേർപാടിൽ ദുഃഖവും, അവരോട് ഉള്ള സ്‌നേഹവും , ബഹുമാനവും കൊടുക്കേണ്ട സമയമാണ്.
നമ്മളെ ആരെങ്കിലും ആക്കാനോ, നമ്മൾ ആരെങ്കിലും ആണെന്നോ വിളിച്ചു പറയേണ്ട ഇടമല്ല.
ക്യാമറകൾക്കും, നാക്കിനും, സ്വാർഥ താല്പര്യങ്ങൾക്കും നിർബന്ധിത അവധിയോ, ചുരുങ്ങിയത് ഏറ്റവും കരുതലോടെയുള്ള ഉപയോഗമോ ആക്കി നിർത്തുക.
എളിമയോടെ, ക്ഷമയോടെ അവരുടെ മരണ സുശ്രുഷകളിൽ പങ്കെടുക്കുക.
നിശബ്ദതയുടെ കൂട്ടിൽ പരേതാത്‌മാവിന് പ്രാർത്ഥന നേർന്ന് കൊണ്ടും അവരുടെ കുടുംബത്തിനു ഈ വേർപാടിനെ അതിജീവിക്കാനുള്ള കരുത്തും ലഭിക്കാൻ കൂടെ നിൽക്കുക.