മുംബൈ: ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തzരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 288 സീറ്റുകളിലും ബിജെപി മത്സരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ രത്നഗിരി-സിന്ധുദുർഗിൽ നിന്നുള്ള എംപിയുമായ നാരായൺ റാണെ പറഞ്ഞു. "മഹാരാഷ്ട്രയിലെ 288 സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് തന്‍റെ അഭിപ്രായം. എന്നാൽ ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഞങ്ങളുടെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും" റാണെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അദ്ദേഹത്തിന്‍റെ പ്രസ്താവന ബിജെപിയുടെ മഹായുതി സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചു. “അദ്ദേഹം മുതിർന്ന നേതാവാണ്. അദ്ദേഹം തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ബിജെപിയുടെയോ പാർട്ടി നേതാക്കളായ ജെ പി നദ്ദയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയോ കാഴ്ചപ്പാടല്ലെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വക്താവ് എംപി നരേഷ് മഷ്‌കെ പറയുന്നു.
ബിജെപി 288 സീറ്റുകളിലും മത്സരിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് മഹാസഖ്യം? ഓരോ പാർട്ടിക്കും അവരുടെ ശക്തിക്കനുസരിച്ച് സീറ്റുകൾ ലഭിക്കും. ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ഫഡ്‌നാവിസും അജിത് പവാറും മുതിർന്ന നേതാക്കളും ചേർന്ന് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കും".അദ്ദേഹം പറഞ്ഞു.