യാത്രക്കാരന്റെ പരാതി: ടിക്കറ്റ് ചെക്കർമാർക്കെതിരെ കേസെടുത്ത് ബോറിവലി റെയിൽവേ പൊലീസ്
മുംബൈ: യാത്രക്കാരനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതിന് എട്ടോളം ടിക്കറ്റ് ചെക്കർമാർക്കെതിരെ ബോറിവലി റെയിൽവേ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സുബർ(27) അഹമ്മദാണ് പരാതിക്കാരൻ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സുബൈർ അന്ധേരിയ്ക്കും വിരാറിനും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ കാന്തിവിലിയിൽ നിന്നും ഒരു ടിക്കറ്റ് ചെക്കർ ട്രെയിനിൽ കയറുകയും കയറി ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. എന്നാൽ സുബൈർ അഹമ്മദ് ടിക്കറ്റ് എടുത്തിട്ടില്ലെന്നു മനസിലാക്കിയ ടിക്കറ്റ് ചെക്കർ സുബൈറിനെ ബോറിവലി സ്റ്റേഷൻ ക്യാബിനിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവച്ച് എട്ടോളം ടിക്കറ്റ് ചെക്കർമാർ തന്നെ അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി സുബൈർ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് സുബൈർ ബോറിവലി റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തു.
അതേസമയം ടിക്കറ്റ് ചെക്കർമാർ ഇക്കാര്യം നിഷേധിച്ചു. പരാതിക്കാരൻ വളരെ മോശമായി പെരുമാറിയെന്നും പിഴയടക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.