മുംബൈ: നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. ആഭ്യന്തര വകുപ്പ് വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ സർക്കുലറിൽ ആണ് ഹോട്ടലുകൾക്കും പെർമിറ്റ് റൂമുകൾക്കും ക്ലബ്ബുകൾക്കും ക്രിസ്‌മസ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്താനുള്ള സമയപരിധി രാവിലെ 5 മണി വരെ നൽകിയിട്ടുള്ളത്.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (വെസ്റ്റേൺ ഇന്ത്യ) ബാനറിന് കീഴിലുള്ള സ്റ്റാർ ഹോട്ടലുകളുടെയും പ്രീമിയം റസ്റ്റോറന്റുകളുടെയും ഉടമകൾ അടുത്തിടെ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാധിക രസ്തോഗി (ഐഎഎസ്), പോലീസ് ഡയറക്ടർ ജനറൽ രജനിഷ് സേത്ത് (ഐപിഎസ്) എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഡിസംബർ 24, 25, 31 തീയതികളിൽ, സംസ്ഥാനത്തെ എല്ലാ ഭക്ഷണ-പാനീയ ലൈസൻസുള്ള സ്ഥാപനങ്ങളുടെയും സമയം പുലർച്ചെ 5 വരെയെങ്കിലും നീട്ടണമെന്ന് മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ അഭ്യർത്ഥിച്ചു.
സാധാരണ ദിവസങ്ങളിൽ, സമയപരിധി പുലർച്ചെ 1:30 വരെ ആണ്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് റെസ്റ്റോറന്റുകൾ. ഈ സീസൺ നഗരതിലേക്ക് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു,ഇത്തരം സന്ദർഭങ്ങളിൽ രാത്രി ഏറെ വൈകിയും ആഘോഷിക്കുന്നു," ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ഷെട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സമയം കൂട്ടിയത് മൂലം, തുടർച്ചയായി, വർഷം തോറും, സംസ്ഥാനത്തേക്കുള്ള സീസണൽ വിനോദസഞ്ചാരികളുടെ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. പാക്കേജുകളും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യാൻ ഇത് റെസ്റ്റോറന്റുകളെ സഹായിക്കും,ഇത് ഉയർന്ന വരുമാനം ഉണ്ടാക്കുന്നതിലേക്ക് നയിക്കും.സംസ്ഥാനത്തു കൂടുതൽ പേർക്കിത് അധിക തൊഴിലും നൽകാൻ സാഹചര്യം ഒരുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു