മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ലാപതാ ലേഡീസു’മായി കോൺഗ്രസ്

Congress with 'Lapata Ladies' in Maharashtra election campaign
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ലാപത ലേഡീസു’മായി കോൺഗ്രസ്
Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത മാസം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ അതിനുള്ള തയ്യാറെടുപ്പുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തുടങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കവെ സ്ത്രീ സുരക്ഷയിൽ ഏകനാഥ് ഷിൻഡെ സർക്കാറിനെതിരെ ‘ലാപത ലേഡീസ്’ പ്രചാരണം ആരംഭിചിരിക്കുകയാണ് കോൺഗ്രസ്.

കിരൺ റാവു സംവിധാനം നിർവഹിച്ച സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അതേപേരിൽ തന്നെ കോൺഗ്രസ് ക്യാമ്പയിൻ ആരംഭിച്ചത്. മറാത്തി ഭാഷയിലെഴുതിയ ‘ഒരു വർഷത്തിനകം കാണാതായത് 64,000 സ്ത്രീകളെ’ എന്ന ഞെട്ടിപ്പിക്കുന്ന കണക്കിനൊപ്പം ‘ലാപത ലേഡീസ്’ എന്ന വാക്കുകളുമുള്ള പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരോട് സാമ്യമുള്ള ഛായാചിത്രങ്ങളും ഈ പോസ്റ്ററുകളിൽ ഉൾപ്പെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ലാപത ലേഡീസ്’ എന്ന സിനിമ കോമഡി ലെൻസിലൂടെ പുരുഷാധിപത്യത്തെ വിമർശനാത്മകമായി അവതരിപ്പിച്ചതിന് വ്യാപകമായ പ്രശംസ നേടുകയുണ്ടായി. പിന്നീട് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഇത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാറിന്‍റെ കഴിവില്ലായ്മയെക്കുറിച്ചുള്ള പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാനാണ് ചിത്രത്തി​ന്‍റെ തലക്കെട്ടിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ ബദ്‌ലാപൂരിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഈ പ്രചാരണം.

സംസ്ഥാന സർക്കാറിലെ ആഭ്യന്തര വകുപ്പി​ന്‍റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രത്യേകം ലക്ഷ്യമിട്ടാണിത്. മഹാരാഷ്ട്രയിൽ കാണാതാകുന്ന സ്ത്രീകളിൽ 10 ശതമാനം പേരും മടങ്ങിയെത്തുന്നില്ലെന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ ഫഡ്‌നാവിസ് സമ്മതിച്ചിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ ഓരോ വർഷവും 64,000 പെൺകുട്ടികളും സ്ത്രീകളും കാണാതാകുന്നു. 2021 ൽ 61,000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു. സ്ത്രീസുരക്ഷ സംബന്ധിച്ച് വിമർശനമുന്നയിക്കാൻ സർക്കാറിന്‍റെ തന്നെ കണക്കുകൾ എടുക്കുകയാണ് കോൺഗ്രസ് ചെയ്തത്.എന്നാൽ മഹാരാഷ്ട്രയിൽ ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ കൊണ്ട് ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ തങ്ങളുടെ കൂടെയാണെന്നുമാണ് മുതിർന്ന ബിജെപി നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.