മുംബൈ: സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ചത് അടക്കമുള്ള കാരണങ്ങളാൽ സ്ഥലം മാറ്റപ്പെട്ട സിവിൽ സർവീസ് പ്രൊഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കർ കൂടുതൽ കുരുക്കിലേക്ക്. വ്യാജമായി ഒബിസി സർട്ടിഫിക്കറ്റും മാനസികവും ശാരീരികവുമായ വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയാണ് പൂജ സിവിൽ സർവീസിൽ കടന്നുകൂടിയതെന്നാണ് പുതിയ ആരോപണം. ഇതെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഏകാംഗ പാനലിനെ നിയോഗിച്ചു കഴിഞ്ഞു.
വ്യാജ രേഖ ഹാജരാക്കിയതായോ വസ്തുതകൾ മറച്ചുവച്ചതായോ അന്വേഷണത്തിൽ തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്നു പുറത്താക്കാൻ വരെ സാധ്യതയുണ്ട്. ക്രിമിനൽ അന്വേഷണവും നേരിടേണ്ടിവരും. നേരത്തെ, പൂനെ അസിസ്റ്റന്‍റ് കളക്റ്ററായിരുന്ന പൂജയെ, ബീക്കൺ ലൈറ്റ് വിവാദത്തെത്തുടർന്ന് വാഷിമിലേക്കു സ്ഥലം മാറ്റിയിരുന്നു.
വൈകല്യത്തിന്‍റെയും പിന്നാക്ക വിഭാഗത്തിന്‍റെയും പേരിലുള്ള വ്യാജ രേഖ ചമച്ചാണ് പൂജ യുപിഎസ്‌സി പരീക്ഷയിൽ 821ാം റാങ്ക് നേടിയതെന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്. വൈകല്യം സംബന്ധിച്ച അവകാശവാദം സ്ഥിരീകരിക്കാൻ പലവട്ടം വൈദ്യപരിശോധനയ്ക്കു വിളിച്ചെങ്കിലും പൂജ ഹാജരാകാൻ തയാറായിട്ടില്ല. പേഴ്സൺസ് വിത്ത് ബെഞ്ച്മാർക്ക് ഡിസെബിലിറ്റീസ് വിഭാഗത്തിലാണ് പൂജയ്ക്ക് ഐഎഎസ് കിട്ടിയത്. കാഴ്ചാ പരിമിതിയുണ്ടെന്നാണ് അവകാശവാദം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഒബിസി റിസർവേഷനും പൂജ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായ പൂജയുടെ അച്ഛൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു ഹാജരാക്കിയ സത്യവാങ്മൂലത്തിൽ 40 കോടി രൂപയുടെ സ്വത്ത് കാണിച്ചിട്ടുണ്ട്. പൂജയുടെ പേരിലും കോടികളുടെ ഫ്ളാറ്റുകൾ ഉള്ളതായാണ് പുതിയ വിവരം. ക്രീമിലെയർ പരിധിക്കു മുകളിലാണ് പൂജയുടെയും അച്ഛന്‍റെയും സ്വത്തുവകകൾ.
പൂജയ്ക്ക് ചട്ടവിരുദ്ധമായ സൗകര്യങ്ങൾ ഒരുക്കാൻ അച്ഛൻ ജില്ലാ കലക്റ്ററേറ്റിൽ സമ്മർദം ചെലുത്തിയതായും വ്യക്തമായിരുന്നു.
ചുവപ്പും നീലയും ബീക്കൺ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കാൻ പ്രൊബേഷനറി ഉദ്യോഗസ്ഥർക്ക് അവകാശമില്ല. പൂജ ഇത് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയാണ് നേരത്തെ നടപടിയെടുത്തത്.
പൂനെയിൽ അഡീഷനൽ കളക്റ്ററായ അജയ് മോറെ സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ ചേംബറും പൂജ അനധികൃതമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോറെയുടെ അനുവാദം കൂടാതെ പൂജ അദ്ദേഹത്തിന്‍റെ ഓഫിസ് ഫർണിച്ചർ മാറ്റുകയും ചെയ്തിരുന്നു. തനിക്ക് ലെറ്റർഹെഡും നെയിംപ്ലേറ്റും സ്വന്തം പേരിലുള്ള മറ്റു സൗകര്യങ്ങളും നൽകാൻ റവന്യൂ അസിസ്റ്റന്‍റിനു നിയമവിരുദ്ധമായ നിർദേശം നൽകിയിരുന്നതായും തെളിഞ്ഞു.