മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത

പിസിസി അധ്യക്ഷൻ നാനാ പടോലെയും ശിവസേന (യുബിടി) അധ്യക്ഷൻ സഞ്ജയ് റാവത്തുമാണ് തുറന്ന പോരിന് ഇറങ്ങിയത്.
Sanjay Raut, Nana Patole
സഞ്ജയ് റാവത്ത്, നാനാ പടോലെ
Updated on

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പു ഫലം അറിയാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ (എംവിഎ) മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നത. പിസിസി അധ്യക്ഷൻ നാനാ പടോലെയും ശിവസേന (യുബിടി) അധ്യക്ഷൻ സഞ്ജയ് റാവത്തുമാണ് തുറന്ന പോരിന് ഇറങ്ങിയത്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി നേതൃത്വം നൽകുന്ന മഹായുതിക്കാണു വിജയം പ്രവചിക്കുന്നത്. എന്നാൽ, വിജയം എംവിഎയ്ക്കൊപ്പമാണെന്നും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്നും പടോലെ പറഞ്ഞതാണ് ഉദ്ധവ് താക്കറെ പക്ഷത്തെ ചൊടിപ്പിച്ചത്. എംവിഎ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനാണെന്ന പരോക്ഷ സൂചനയായിരുന്നു പടോലെയുടേത്.

അടുത്ത മുഖ്യമന്ത്രി കോൺഗ്രസ് നേതാവായിരിക്കുമെന്നു താൻ കരുതുന്നില്ലെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് തിരിച്ചടിച്ചു. പടോലെയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് പ്രഖ്യാപിക്കണമെന്നും റാവത്ത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇരുകക്ഷികളും തർക്കത്തിലേർപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു നേരിടണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്‍റെ ആവശ്യം. ഉദ്ധവ് താക്കറെയായിരിക്കണം നേതാവെന്ന ലക്ഷ്യത്തിലായിരുന്നു ഈ ആവശ്യം. എന്നാൽ, സഖ്യത്തിലെ വലിയ കക്ഷിക്കാണ് മുഖ്യമന്ത്രി സ്ഥാനമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഒടുവിൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ ഇടപെട്ടാണ് തത്കാലത്തേക്കു വെടിനിർത്തൽ സാധ്യമാക്കിയത്.

സംസ്ഥാനത്ത് ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കിൽ 65 ശതമാനമാണു പോളിങ്. സമീപകാലത്ത് ഇതാദ്യമാണ് പോളിങ് ഇത്രയുമുയരുന്നതെന്നും മഹായുതിക്ക് അനുകൂലമായ തരംഗമാണിതെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനിടെ, ഫഡ്നാവിസ് ഇന്നലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ചർച്ച നടത്തിയത്, മഹായുതി ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കു വഴിവച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.