എൻ്റെ ഗുരു പദ്ധതി മുംബയിൽ ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ മന്ദിര സമിതിയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
എൻ്റെ ഗുരു പദ്ധതി മുംബയിൽ ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും
Updated on

നവിമുംബൈ: ശ്രീനാരായണ ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ "എൻ്റെ ഗുരു" പദ്ധതിയുടെ ഉദ്ഘാടനവും നൃത്ത പരിശീലന ക്യാംപും സെപ്റ്റംബർ 23 ന് നെരുൾ ഗുരുദേവഗിരി കോംപ്ലക്സിൽ നടത്തും.

വൈകിട്ട് 5.30 ന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മുംബൈ ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. മന്ദിര സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു , ശിവഗിരി മഠം ഗുരു ധർമ പ്രചാരണ സഭ വൈസ് പ്രസിഡന്‍റ് വി.കെ. മുഹമ്മദ്, ശുരു ധർമ പ്രചാരണ യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, എന്നിവർ പങ്കെടുക്കും. ശ്രീനാരായണ മന്ദിര സമിതിയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 100 ലോകഭാഷകളിൽ സമാഹരിച്ചു പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗുരുദേവ കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിനു നേതൃത്വം നൽകിയ അധ്യാപകർ ക്യാംപിൽ പങ്കെടുക്കും.

ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ചിദംബരാഷ്ടകം, പിണ്ഡനന്ദി , ജാതി നിർണയം, ജാതി ലക്ഷണം, അറിവ്, അനുകമ്പാ ദശകം,ജനനീ നവരത്നമഞ്ജരി, ശിവപ്രസാദ പഞ്ചകം, വിനായകാഷ്ടകം, കാളീനാടകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്.

കലാമണ്ഡലം മോഹിനിയാട്ടം വിഭാഗം മുൻ മേധാവി കലാമണ്ഡലം ഹൈമവതി മോഹിനിയാട്ടത്തിലും മഞ്ജു വി. നായർ ഭരത നാട്യത്തിലും ക്ലാസടുക്കും. മുംബൈയിലെ നൃത്ത അധ്യാപകരായ സുഷമ ഗോപിനാഥ്, ജയശ്രീ നായർ എന്നിവരെ ആദരിക്കും. കലാമണ്ഡലം, കാലടി ശ്രീശങ്കര കോളജ്, ചെന്നൈ കലാക്ഷേത്ര, ആർ.എൽ.വി. ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ നർത്തകർ , കലാകാരന്മാർ പദ്ധതിയിൽ ഒപ്പം ചേരും.

എല്ലാ കൃതികളും അനുയോജ്യമായ രീതിയിൽ സംഗീതം നൽകിയും സംവിധാനം നിർവ്വഹിച്ചും കൃതികളിൽ പരിഞ്ജാനമുള്ളവരുടെ സഹായത്തോടെ അരങ്ങിൽ എത്തിക്കുകയാണ് ലക്ഷ്യം. മാനവരാശിയുടെ സമാധാനത്തിനും സ്വൈര്യ ജീവിതത്തിനും ഏവരും ഒരുമയോടെ മുന്നോട്ടു പോകാനുള്ള ഊർജം പകരുന്നവയാണ് ഗുരുവിന്‍റെ എല്ലാ സന്ദേശങ്ങളും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തെമ്പാടുമുള്ള പതിനായിരക്കണക്കിനു കലാസ്വാദകരിലേക്ക് ഗുരു കൃതികൾ എത്തിക്കാനാകുമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ഗുരുദേവഗിരി കോംപ്ലക്സിൽ ന്യത്തപരിശീലനം രാവിലെ 9 ന് തുടങ്ങും. പങ്കെടുക്കാൻ താൽപര്യമുള്ളവർ "എന്റെ ഗുരു " കോ ഓർഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് "എൻ്റെ ഗുരു " മുംബൈ ചെയർപഴ്സൻ കലാമണ്ഡലം രാജലക്ഷ്മി അറിയിച്ചു. ഫോൺ : 93884 90892, 94956 37 639(ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ചെയർമാൻ,ദൈവദശകം കൂട്ടായ്മ)

Trending

No stories found.

Latest News

No stories found.