നാഗ്പുർ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വരുമാനം പത്ത് വർഷം കൊണ്ട് 1.24 ലക്ഷം രൂപയിൽ നിന്ന് 38.73 ലക്ഷം രൂപയായി വർധിച്ചു. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ അമൃതയുടെ വരുമാനം ഇതേ കാലയളവിൽ 18.27 ലക്ഷം രൂപയിൽനിന്ന് 79.30 ലക്ഷമായും വർധിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് സത്യവാങ്മൂലത്തിൽ ഈ വിവരങ്ങൾ വ്യക്തമായത്.
2019-20, 2023-24 സാമ്പത്തിക വർഷങ്ങളിലായി 1.66 കോടി രൂപ ഫഡ്നാവിസ് സമ്പാദിച്ചതായും സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ഭാര്യ സമ്പാദിച്ചത് 5.05 കോടി രൂപയാണ്.
62 ലക്ഷം രൂപയുടെ ലോണും ഫഡ്നാവിസിന്‍റെ പേരിലുണ്ട്. നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഉപമുഖ്യമന്ത്രിയെക്കാൾ വരുമാനവും ആസ്തിയും കൂടുതൽ ഭാര്യക്കു തന്നെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ദമ്പതികളുടെ സമ്പാദ്യത്തിൽ 4.57 കോടി രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. ആകെ 13.27 കോടി രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത്. ഇതിൽ ഭൂമിയും 1.35 കിലോഗ്രാം സ്വർണവും പണമായി 99 ലക്ഷം രൂപയും ഉൾപ്പെടുന്നു.
2019ൽ അമൃതയ്ക്ക് 2.33 കോടി രൂപയുടെ ഓഹരികളും മ്യൂച്ച്വൽ റഫണ്ട് നിക്ഷേപങ്ങളുമുണ്ടായിരുന്നത് ഇപ്പോൾ 5.63 കോടി രൂപയായി വളരുകയും ചെയ്തു.
2014ൽ മുഖ്യമന്ത്രിയായ ഫഡ്നാവിസ്, സാമൂഹിക പ്രവർത്തകനെന്നും കർഷകനെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. നിയമത്തിൽ ബിരുദവും ബർലിൻ യൂണിവേഴ്സിറ്റിയിൽനിന്ന് മാനേജ്മെന്‍റ് ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത.