ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനാർഥി?

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോർട്ട്
Devendra Fadnavis ദേവേന്ദ്ര ഫഡ്നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്
Updated on

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോർട്ട്. ഫഡ്നാവിസ് ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിനുശേഷം മഹാരാഷ്‌ട്ര ബിജെപി ആസ്ഥാനത്ത് ഫഡ്നാവിസിന്‍റെ പോസ്റ്ററുകളും ഹോർഡിങ്സുകളും നിറഞ്ഞതാണ് മഹായുതിയിൽ നേതൃമാറ്റ സാധ്യതയെന്ന സൂചന നൽകുന്നത്.

ബിജെപിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും ചേർന്ന മഹായുതി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം ആദ്യം ഒരു ചടങ്ങിൽ മഹായുതിയുടെ മുഖ്യമന്ത്രി ഇവിടെയിരിക്കുന്നുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. എന്നാൽ, ആരുടെയും പേരു പരാമർശിച്ചില്ല.

ചടങ്ങിലുണ്ടായിരുന്ന ഷിൻഡെയെക്കുറിച്ചാണു ഫഡ്നാവിസ് പറഞ്ഞതെന്നാണു പൊതുവേ വിലയിരുത്തിയത്. മഹായുതിയിൽ മുഖ്യമന്ത്രി സ്ഥാനം നോക്കിനടക്കുന്ന ആരുമില്ലെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം.

അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നാകണമെന്ന് ബുധനാഴ്ച രാവിലെ എംഎൻഎസ് നേതാവ് രാജ് താക്കറെ ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞിരുന്നു. ഇതിനുശേഷം രാജ് താക്കറെയും താനും ഒരുമിച്ചുള്ള ചിത്രം ഫഡ്നാവിസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

നവംബർ 20നാണു മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം. മഹായുതിയും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയും തമ്മിലാണു പ്രധാന പോരാട്ടം.

Trending

No stories found.

Latest News

No stories found.