നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി.
ഉൾവെ ഒരു ടൗൺഷിപ്പായി വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഈ മേഖലയിൽ ജനസംഖ്യ വർധിച്ചിട്ടും നെരൂളിൽ നിന്ന് ഖാർകോപ്പറിലേക്കും ബേലാപൂരിലേക്കും ഖാർകോപ്പറിലേക്കും റെയിൽവേ സർവീസുകൾ കഴിഞ്ഞ ആറ് വർഷമായി വ്യത്യാസമില്ലതെ തുടരുകയാണെന്ന് സാമൂഹ്യ പ്രവർത്തകനും സമാജം ഭാരവാഹിയുമായ അനിൽ പ്രകാശ് പറഞ്ഞു.സമയക്രമത്തിലും ഭേദഗതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ട്രെയിൻ സർവീസുകൾ പ്രയോജനപെടുത്താൻ കഴിയാത്ത അവസ്ഥയാണെന്നും ഉൾവെയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും സാധാരണ തൊഴിലാളിവർഗക്കാരായത് കൊണ്ട് ദൈനംദിന യാത്രകൾക്ക് റെയിൽവേയല്ലാതെ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തേടാൻ കഴിയാത്ത സാഹചര്യമാണെന്നും അനിൽ പ്രകാശ് കൂട്ടിച്ചേർത്തു.
നെരൂളിൽ നിന്ന് ഉറാനിലേക്കും ബേലാപൂരിലേക്കും ഉറാനിലേക്കും തിരിച്ചും ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് വേണമെന്നതാണ് ഈ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ പ്രധാന ആവശ്യം.
അതെ സമയം ഷെയർ ഓട്ടോറിക്ഷ 30 മുതൽ 50 രൂപ വരെയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. പലപ്പോഴും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാത്രി ഒമ്പതര വരെയുള്ള ട്രെയിനുകൾ ലഭിക്കാറുമില്ല. ഈ മേഖലയിൽ ബസ് സർവീസുകളും കുറവാണ്. ഈ സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ വർധിപ്പിക്കുവാനുള്ള ആവശ്യം ഉയരുന്നത്.
വികസനക്കുതിപ്പിൽ നിൽക്കുന്ന മേഖലയോട് റെയിൽവേ അനുവർത്തിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഉൾവെ നിവാസികൾ ചേർന്ന് ഒപ്പുശേഖരണം നടത്തിയിരുന്നു.
ഉൾവെ നിവാസികളുടെ യാത്ര ക്ലേശങ്ങൾക്ക് ആശ്വാസം ഉണ്ടാകണമെന്ന താല്പര്യാർത്ഥം കേരള സമാജം ഉൾവെ നോഡ് അംഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും ശേഖരിച്ച ആയിരത്തിലധികം ഒപ്പുകളുമായി റെയിൽവേ ഓഫീസർമാരായ ഡിവിഷണൽ റയിൽവേ മാനേജർ, ചീഫ് പാസഞ്ചർ ട്രാൻസ്‌പ്പോർട്ടേഷൻ മാനേജർ എന്നിവരെ കണ്ടാണ് നിവേദനം നൽകിയത്. കാര്യങ്ങൾ വിശദമായി പഠിച്ചു പരിഹരിക്കാമെന്നാണ് റെയിൽവേ അധികാരികൾ നൽകിയ വാഗ്ദാനമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.