മൺസൂണിന് ഒരുങ്ങി കൊങ്കൺ റെയിൽവേ

മൺസൂണിന് ഒരുങ്ങി കൊങ്കൺ റെയിൽവേ

കൊങ്കൺ റെയിൽവേയുടെ മൺസൂൺ ടൈംടേബിൾ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ പ്രാബല്യത്തിൽ വരും
Published on

മുംബൈ: വരാനിരിക്കുന്ന മൺസൂൺ സീസണിൽ ട്രെയിനുകളുടെ സുരക്ഷിതവും സുഗമവുമായ പ്രവർത്തനം ഉറപ്പാക്കാനും കൊങ്കൺ റെയിൽവേ സമഗ്രമായ നടപടികൾ ആരംഭിച്ചു. കനത്ത മഴ മൂലമുണ്ടാകുന്ന തടസങ്ങൾ സൃഷിട്ടിക്കുന്നത് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനുമായി റെയിൽവേ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കൊങ്കൺ റെയിൽവേയുടെ മൺസൂൺ ടൈംടേബിൾ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ പ്രാബല്യത്തിൽ വരും.

വർഷങ്ങളായി, കൊങ്കൺ റെയിൽവേ റെയിൽവേ ലൈനിലുടനീളം വിപുലമായ ജിയോ-സേഫ്റ്റി വർക്കുകൾ നടപ്പിലാക്കിയിട്ടുണ്ട്, ഇത് പാറക്കെട്ടുകൾ വീഴുന്നതും മണ്ണ് വീഴുന്നതും ഗണ്യമായി കുറയ്ക്കുന്നു. ഉയർന്ന തോതിലുള്ള സുരക്ഷ നിലനിർത്തുന്നതിനായി ക്യാച്ച് വാട്ടർ ഡ്രെയിൻ ക്ലീനിംഗ്, കട്ടിംഗുകളുടെ പരിശോധന എന്നിവയ്ക്ക് റെയിൽവേ ഊന്നൽ നൽകുന്നത് തുടരുന്നു.

തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കുമെന്നും, കൊങ്കൺ റെയിൽവേ റൂട്ടിൽ വിന്യസിച്ചിരിക്കുന്ന ഏകദേശം 673 ഉദ്യോഗസ്ഥരുമായി മൺസൂൺ പട്രോളിംഗ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി, 24 മണിക്കൂറും നിരീക്ഷണത്തിനായി വാച്ചർമാരെ സഹിതം രാപ്പകൽ പട്രോളിംഗ് നടത്തും. സെൻസിറ്റീവ് സ്ഥലങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തും

കനത്ത മഴ മുന്നോട്ടുള്ള കാഴ്ച്ചയെ ബാധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററായി കുറയ്ക്കാൻ ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്ററുകളും അടിയന്തര വൈദ്യസഹായവും സജ്ജീകരിച്ച സ്വയം ഓടിക്കുന്ന മെഡിക്കൽ ട്രെയിനുകൾ രത്നഗിരിയിലും വെർണയിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ആവശ്യമെങ്കിൽ സഹായം നൽകുന്നതിനായി ഒരു ആക്‌സിഡന്റ് റിലീഫ് ട്രെയിൻ (ART) വെർണയിൽ ആരംഭിക്കാൻ തയ്യാറാകുന്നു.

ജീവനക്കാർക്കിടയിൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കാൻ കൊങ്കൺ റെയിൽവേ സമഗ്രമായ ആശയവിനിമയ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ ഓഫീസുമായോ സ്റ്റേഷനുമായോ ബന്ധപ്പെടാൻ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ നൽകിയിട്ടുണ്ട്. ലോക്കോ പൈലറ്റുമാരും ഗാർഡുകളും വാക്കി-ടോക്കി സെറ്റുകളാൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ കൊങ്കൺ റെയിൽവേ റൂട്ടിലെ ഓരോ സ്റ്റേഷനിലും 25 വാട്ട് വിഎച്ച് എഫ് (VHF) ബേസ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് ട്രെയിൻ ജീവനക്കാരും സ്റ്റേഷൻ മാസ്റ്ററുകളും തമ്മിൽ വയർലെസ് ആശയവിനിമയം സാധ്യമാക്കുന്നു.

പട്രോൾമാൻമാർ, വാച്ച്മാൻമാർ, ലോക്കോ പൈലറ്റുമാർ, ഗാർഡുകൾ, മെയിന്റനൻസ് സ്റ്റാഫ് എന്നിവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്റ്റേഷൻ മാസ്റ്ററുമായും കൺട്രോൾ ഓഫീസുമായും ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ റെയിൽവേ റൂട്ടിൽ ശരാശരി 1 കിലോമീറ്റർ ദൂരത്തിൽ എമർജൻസി കമ്മ്യൂണിക്കേഷൻ (ഇഎംസി) സോക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ ഓപ്പറേറ്റർമാരുടെ കാഴ്ച്ച മെച്ചപ്പെടുത്തി, എല്ലാ പ്രധാന സിഗ്നൽ വശങ്ങളും എൽഇഡികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചുകൊണ്ട് കൊങ്കൺ റെയിൽവേയും സിഗ്നലിൻ്റെ കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മഴ രേഖപ്പെടുത്തുന്നതിനും മഴ വർധിച്ചാൽ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുമായി ഒമ്പത് സ്റ്റേഷനുകളിൽ സ്വയം രേഖപ്പെടുത്തുന്ന മഴമാപിനികൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് അപകടകരമായ നിലയിൽ എത്തിയാൽ ഉടൻ അധികൃതരെ അറിയിക്കുന്നതിന് പാലങ്ങൾക്കുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾ മൂന്നിടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിക്കാനും ട്രെയിനുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും ബേലാപൂർ, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകൾ മഴക്കാലത്ത് 24/7 പ്രവർത്തിക്കും. www.konkanrailway.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ 139 എന്ന നമ്പറിൽ വിളിച്ചോ യാത്രക്കാർക്ക് ട്രെയിൻ സ്റ്റാറ്റസുകൾ ഓൺലൈനായി പരിശോധിക്കാം