പാട്ടും പടയണിയുമായി മുംബൈയെ ത്രസിപ്പിച്ച് ലെജന്‍റ്സ് ലൈവ്

ഗാനസന്ധ്യയിൽ പ്രത്യേക അതിഥികളായി അനാഥാലയങ്ങളിലെ അമ്പത് കുരുന്നുകളെത്തിയത് സായാഹ്നത്തിന് അഴകേകി
Legends live to thrill Mumbai
പാട്ടും പടയണിയുമായി മുംബൈയെ ത്രസിപ്പിച്ച് ലെജന്‍റ്സ് ലൈവ്
Updated on

മുംബൈ: നിറഞ്ഞ സദസിനെ സാക്ഷി നിർത്തി പടയണി കോലങ്ങളൊരുക്കിയ തട്ടകത്തിൽ വിശ്രുത ഗായകൻ സുരേഷ് വാഡ്ക്കർ മലയാളിയായ നിഖിൽ നായർ ഒരുക്കിയ ലെജന്‍റ്സ് ലൈവിൽ പാടിയപ്പോൾ മുംബൈ കണ്ടത് ഒരു പുതിയ ചരിത്രം. മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഹിന്ദി മറാഠി ഭക്തി ഗാനങ്ങളിലൂടെ ഭാരതത്തിന്‍റെ ഹൃദയം കവർന്ന സുരേഷ് വാഡ്‌കർ പുതിയൊരു സംഗീത പരമ്പരക്കാണ് തുടക്കമിട്ടത്.

പടയണിയുടെ പശ്ചാത്തലവും ശബ്ദ വെളിച്ച സമ്മിശ്രങ്ങൾ തീർത്ത തട്ടകത്തിൽ വാഡ്ക്കറിന്‍റെ കൂടെ മഹാരാഷ്ട്രയുടെ പ്രിയ ഗായിക വൈശാലി സാമന്തും യുവ ഗായകൻ സ്വപ്നിൽ ഗോഡ്ബോളെയും ചേർന്നപ്പോൾ മഹാനഗരത്തിനത് നവ്യാനുഭവമാവുകയായിരുന്നു.

മലയാളി യുവാവ് നിഖിൽ നായർ അണിയിച്ചൊരുക്കുന്ന ലെജന്‍റ്സ് ലൈവിന്‍റെ ആദ്യ പതിപ്പിന്‍റെ അരങ്ങിനെ മുക്തകണ്ഠം പ്രശംസിച്ചാണ് പത്മശ്രീ വാഡ്‌കർ വേദിയിൽ നിന്ന് വിട പറഞ്ഞത്. മുംബൈയിൽ ഇതാദ്യമായി കേരളത്തിന്‍റെ കാർഷിക സംസ്കൃതിയും പ്രാചീന സംസ്കാരത്തിൻ്റെ തിരുശേഷിപ്പുകളുമായി ഇഴചേർന്ന് നിൽക്കുന്ന പടയണി കോലങ്ങൾ ഗായകർക്കും ആസ്വാദകർക്കും പുതിയ അനുഭവമായി.

നാളിത് വരെ കാണാത്ത ചമയങ്ങളോടെ പഞ്ചവർണ്ണങ്ങളുടെ ലയവിന്യാസങ്ങൾ കമുകിൻ്റെ അലകിലും പച്ചീർക്കലിലും പാളകളിലുമായി മഹാനഗരത്തിൽ അണിയിച്ചൊരുക്കിയത് കേരളത്തിലെ പ്രശസ്ത പടയണി കലാകാരനായ കെ. ആർ. രഞ്ജിത്ത് കടമ്മനിട്ടയുടെ നേതൃത്വത്തിലാണ്. ഗിരിജ വെൽഫെയൽ അസ്സോസിയേഷനുമായി കൈ കോർത്താണ് ഈ ഗാനസന്ധ്യ സംഘടിപ്പിച്ചത്.

ഈ ഗാനസന്ധ്യയിൽ പ്രത്യേക അതിഥികളായി അനാഥാലയങ്ങളിലെ അമ്പത് കുരുന്നുകളെത്തിയത് സായാഹ്നത്തിന് അഴകേകി. ഹർഷാരവത്തോടെ ആ കുരുന്നുകൾ ഗാനസന്ധ്യക്ക് ശേഷം തട്ടകത്തിൽ ഓടിക്കയറി പാളയിൽ തീർത്ത കോലങ്ങളും കുരുത്തോല കൈവിരുതുകളും തെട്ടറിഞ്ഞ് വാഡ്ക്കറിനോടൊത്തും മറ്റ് സംഗീതകാരമാരോടും ചേർന്ന് പടമെടുത്താണ് അവർ മടങ്ങിയത്. തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കടമ്മനിട്ട പടയണി അവതരണ വിഭാഗമായ കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്മാരാണ് കോലങ്ങൾ അണിയിച്ചൊരുക്കിയത്.

2018 ലെ കേരള സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും 2019 ലെ കേരള നാടൻ കലാ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവുമായ കെ. ആർ. രഞ്ജിത്ത് കടമ്മനിട്ടയാണ് വേദിയിൽ കാർഷിക സംസ്കൃതിയുടെയും പ്രാചീന സംസ്കാരത്തിന്റെ മുതൽക്കൂട്ടായ പടയണിയും കുരുത്തോല അലങ്കാരവും അണിയിച്ചൊരുക്കാൻ നേതൃത്വം വഹിച്ചത്.

അനീഷ് കടമ്മനിട്ട, സജിത്ത്, കൃഷ്ണകുമാർ, ഉമേഷ്, രണ്ടീപ് എന്നീ കലാകാരന്മാർ പങ്കെടുത്തു. അത്യാധുനിക സങ്കേതങ്ങളുടെ അകമ്പടിയോടെ അന്തരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാണ് ലെജന്‍റ്സ് ലൈവ് അരങ്ങേറിയത്.

മുംബൈ മലയാളിയായ നിഖിൽ നായർ സംവിധാനം ചെയ്ത ഈ സംഗീത നിശ തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കർ സിനിമ - സിനിമേതര - ഗസലുകളുൾപ്പടെ വിവിധ ഗാനങ്ങൾ പാടി നിറഞ്ഞ സദസ്സിൻ്റെ മനം കവർന്നു.

സാങ്കേതിക വിദ്യകളെ ഏറ്റവും മികച്ച രീതിയിൽ പരിചയപ്പെടുത്തുന്നതിൽ കഴിവ് തെളിയിച്ച നിഖിൽ, ഇതിനകം ബിഗ് ബോസ് ഹിന്ദി മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറും IIFA അവാർഡ്‌സ്, സ്റ്റാർ പരിവാർ തുടങ്ങി നിരവധി മെഗാ ഷോകളുടെ ഇവൻ്റ്റ് കോഓർഡിനേറ്ററും ആയിരുന്നു.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങ് രൂപകൽപ്പന ചെയ്യുന്നത്തിലും നിഖിലിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്‍റേയും സി.കെ. മോഹൻ കുമാറിന്‍റേയും മകനാണ് നിഖിൽ. ലെജന്‍റ്സ് ലൈവിന്‍റെ തുടർച്ചകളുടെ ആസൂത്രണ തിരക്കിലാണ് ആദ്യ പതിപ്പ് വിജയിപ്പിച്ച നിഖിൽ.

മുൻ ലോക കേരള സഭാ അംഗം ലയൺ കുമാരൻ നായർ, കേരള കേന്ദ്രീയ സംഘടന പ്രസിഡണ്ട് ടി എൻ ഹരിഹരൻ, ലോക കേരള സഭാംഗം എം കെ നവാസ്, കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗ്ഗീസ്, ലോക കേരള സഭാംഗം സി.എൻ. ബാലകൃഷ്ണൻ, മാധ്യമ പ്രവർത്തകരായ പ്രേംലാൽ രാമൻ , ഹണി വി.ജി. , എം.ജി. അരുൺ, സിബി സത്യൻ, സാംസ്കാരിക പ്രവർത്തകരായ മനോജ് മാളവിക, ഇടശ്ശേരി രാമചന്ദ്രൻ,സുമ ശശിധരൻ, പ്രമീള സുരേന്ദ്രൻ, രഘുനാഥൻ നായർ, മെറിഡിയൻ വിജയൻ, ഫുട്ബോളർ ബിന്ദു പ്രസാദ്, ക്രിക്കറ്റർ സുധീഷ് നായർ, അരുണിമ, ബീന സഹദേവൻ, കേളി രാമചന്ദ്രൻ, സണ്ണി മാത്യു, സതീഷ് നായർ, ഡോ. സുനിൽ കുട്ടി എന്നിവർ പങ്കെടുത്തു. നിഖിലിനോടൊപ്പം രാഹുൽ നായർ, മീനാക്ഷി രാസ്തോഗി, അനൂപ് നായർ, വേദ് നിരഞ്ജൻ, ശീതൾ ബാലകൃഷ്ണൻ, നന്ദിത നായർ, മിഥുൻ നായർ, സായ് സാഗർ, സാഗർ ബാർഗോഡെ, നിദ വൈദ്, ഗണേഷ് മോഹൻ, സുമലത നായർ, മനീഷ് ജോഷി, സുനിൽ കുട്ടി മേനോൻ എന്നിവർ ലെജന്‍റ്സ് ലൈവ് എന്ന സംഗീത സന്ധ്യക്ക് നേതൃത്വം നൽകി.

ഡോ നീരജ ഗോപിനാഥ്, പി ആർ സഞ്ജയ്‌ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. പുറത്ത് ഭാരതി മെഡിക്കവറിന്‍റെ ആംബുലൻസ് ഒരുക്കിയും, വേസ്റ്റുകൾ ശരിയായി സംസ്ക്കരിച്ചും, പോലീസ് - അഗ്നി ശമന സംവിധാനവും, അത്യന്താധുനിക ശബ്ദ വെളിച്ച ചിത്ര വീഡിയോ സങ്കേതങ്ങൾ ഉപയോഗിച്ചും അന്തരാഷ്ട്ര നിലവാരത്തിലാണ് ലെജന്‍റ്സ് ലൈവ് സംഘടിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.